റഷ്യയെ എല്ലാ ഭൂഖണ്ഡങ്ങളിലുംവച്ച് ഏറ്റവും വലിയ രാജ്യമാക്കിത്തീര്ക്കുമെന്ന പ്രഖ്യാപനവുമായി റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ തലവന്‍ യെവ്ഗനി പ്രിഗോഷിന്. തിങ്കളാഴ്ച ഒരു ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് പ്രിഗോഷിന് ഇക്കാര്യം അറിയിച്ചത്. റഷ്യ വിട്ട വിമത സൈനികഗ്രൂപ്പ് തലവന്‍ ആഫ്രിക്കയിലേക്കു കടന്നതായി സൂചന നല്‍കുന്നതാണ് വീഡിയോയുടെ പശ്ചാത്തലമെന്ന് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
”റഷ്യയെ എല്ലാ ഭൂഖണ്ഡങ്ങളിലുംവച്ച് ഏറ്റവും വലിയ രാജ്യമാക്കിമാറ്റുകയാണ് ലക്ഷ്യം. ആഫ്രിക്കയെ കൂടുതല്‍ സ്വതന്ത്രമാക്കും. ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് നീതിയും സന്തോഷവും ഉറപ്പാക്കും. ഐ.എസിനും അല്‍-ഖ്വയ്ദയ്ക്കും ജീവിതം പേടിസ്വപ്നമാകും” – പ്രിഗോഷിന് വീഡിയോയിലൂടെ പറയുന്നു. വാഗ്നര്‍ ഗ്രൂപ്പിലേക്ക് കൂടുതല്‍പേരെ റിക്രൂട്ട് ചെയ്ത്, ആസൂത്രണംചെയ്ത മുഴുവന്‍ ജോലികളും പൂർത്തിയാക്കുമെന്നും പ്രിഗോഷിന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വീഡിയോയുടെ തീയതി കണ്ടെത്താനോ, പരിശോധിക്കാനോ വാര്‍ത്താ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല.
അതേസമയം, വാഗ്നര്‍ ഗ്രൂപ്പില്‍ ചേരാനാഗ്രഹിക്കുന്നവര്ക്കുള്ള ടെലിഫോണ്‍ നമ്പറും ചേര്‍ത്താണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആഫ്രിക്കയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനുള്ള നീക്കമാണ് പ്രിഗോഷിന് നടത്തുന്നതെന്നാണ് സൂചന.