Tuesday, April 8, 2025

തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഗോതമ്പ് എത്തിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഗോതമ്പ് എത്തിക്കുമെന്ന് വാഗ്ദാനം നല്‍കി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താനില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെ ജനങ്ങള്‍ പട്ടിണിയിലായിരിക്കുകയാണ്. അവശ്യസാധനങ്ങള്‍ക്ക് പോലും തീവിലയാണ്. ഈ സാഹചര്യത്തിലാണ് സാധനങ്ങളുടെ വില കുറയ്ക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്

അടുത്ത 24 മണിക്കൂറിനുള്ളില്‍ പത്ത് കിലോ ഗോതമ്പ് പൊടിയുടെ വില 400 രൂപയായി കുറയ്ക്കണമെന്ന് പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി മുഹമ്മദ് ഖാന്, ഷെഹബാസ് ഷെരീഫ് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ഇത് നടന്നില്ലെങ്കില്‍ സ്വന്തം വസ്ത്രമെടുത്ത് വില്‍ക്കുമെന്നും ആ പണം കൊണ്ട് ആളുകള്‍ക്ക് ഗോതമ്പ് വിലകുറച്ച് നല്‍കുമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. തകര സ്റ്റേഡിയത്തില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് ഷെരീഫ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ദ്ധിക്കാന്‍ കാരണം മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണെന്നും ഷെരീഫ് കുറ്റപ്പെടുത്തി. അഞ്ച് ദശലക്ഷം വീടുകളും പത്ത് ദശലക്ഷം പേര്‍ക്ക് ജോലിയും നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ ഇമ്രാന്‍ ഖാന് സാധിച്ചില്ല എന്ന് മാത്രമല്ലെ രാജ്യത്തെ സമ്പൂര്‍ണ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു.

രാജ്യത്ത് ഇന്ധനവില കുതിച്ചുയരാന്‍ കാരണവും ഇമ്രാന്‍ ഖാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ ഇന്ധനവില വര്‍ദ്ധിച്ചപ്പോള്‍ പാകിസ്താന്‍ മാത്രം വിലകുറിച്ചു. അതുകൊണ്ടാണ് ഇപ്പോള്‍ വില വര്‍ദ്ധിച്ചത് എന്നാണ് ഷെരീഫിന്റെ വാദം. തന്റെ ജീവന്‍ ത്യജിച്ചിട്ടാണെങ്കിലും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് ഷെരീഫ് പറഞ്ഞു.

 

 

Latest News