Friday, April 11, 2025

‘ഒരു നിമിഷം കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി’! ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകന്റെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ അവതാരകനെ മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. കഴിഞ്ഞ ദിവസം അക്കാദമിയോടും സഹപ്രവര്‍ത്തകരോടും വില്‍ സ്മിത്ത് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോള്‍ അവതാരകനായ ക്രിസ് റോക്കിനോട് നേരിട്ട് മാപ്പ് പറഞ്ഞിരിക്കുകയാണ് വില്‍ സ്മിത്ത്. ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണെന്നും വില്‍ സ്മിത്ത് പറയുന്നു. ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം മാപ്പ് പറഞ്ഞിരിക്കുന്നത്.

വില്‍ സ്മിത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…

‘ഏത് രൂപത്തിലുമുള്ള ഹിംസയും വിഷമയമാണ്, സംഹാരശേഷിയുള്ളതാണ്. കഴിഞ്ഞ രാത്രി അക്കാദമി അവാര്‍ഡ് വേദിയിലുണ്ടായ എന്റെ പെരുമാറ്റം അസ്വീകാര്യവും ഒഴികഴിവ് പറയാനാവാത്തതുമാണ്. എന്നെക്കുറിച്ചുള്ള തമാശകളൊക്കെ അവിടെ പറയാനാവും. അത് ആ ജോലിയുടെ ഭാഗമാണ്. പക്ഷേ ജെയ്ഡയുടെ മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് താങ്ങാനാവുന്ന ഒന്നല്ല. വൈകാരികമായിരുന്നു എന്റെ പ്രതികരണം. ക്രിസ്, താങ്കളോട് പരസ്യമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു നിമിഷം ഞാന്‍ കൈവിട്ടുപോയി, എനിക്ക് തെറ്റുപറ്റി. ആ പ്രവര്‍ത്തിയില്‍ എനിക്ക് നാണക്കേടുണ്ട്. ഞാന്‍ ഇങ്ങനെയല്ല ആകേണ്ടിയിരുന്നത്. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ലോകത്തില്‍ ഹിംസയ്ക്ക് സ്ഥാനമില്ല.

അക്കാദമിയോടും ഷോയുടെ നിര്‍മ്മാതാക്കളോടും സദസ്സില്‍ ഉണ്ടായിരുന്നവരോടും ലോകം മുഴുവനുമുള്ള പ്രേക്ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. വില്യംസ് കുടുംബത്തോടും കിംഗ് റിച്ചാഡ് കുടുംബത്തോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. മറ്റൊരു തരത്തില്‍ ഗംഭീരമാകാമായിരുന്ന നമ്മുടെയൊക്കെ നിമിഷത്തെ എന്റെ പെരുമാറ്റം മങ്ങലേല്‍പ്പിച്ചുവെന്നതില്‍ ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു. പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. വിശ്വസ്തതയോടെ, വില്‍’.

ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച്, വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്തബ്ധനായ ക്രിസ് മനസാന്നിധ്യം വീണ്ടെടുത്ത് പരിപാടി തുടരുകയായിരുന്നു. ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു.

അലോപേഷ്യ ഏരിയേറ്റ എന്ന രോഗാവസ്ഥയുള്ള ആളാണ് വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിന്‍കറ്റ്. രോഗപ്രതിരോധ സംവിധാനം ഒരു വ്യക്തിയുടെ കോശങ്ങളെത്തന്നെ ആക്രമിക്കുന്നതുമൂലം വരുന്ന പലതരം അവസ്ഥകളില്‍ ഒന്നാണ് ഇത്. മുടിയുടെ വേരുകളിലുള്ള മെലാനോസൈറ്റുകള്‍ നശിച്ച് വേരുകള്‍ ദുര്‍ബലമാവുന്നതുമൂലം മുടി കൊഴിയലാണ് ചിലര്‍ക്ക് ഉണ്ടാവുന്നത്. ഇതാണ് ജെയ്ഡയ്ക്കും ഉള്ളത്. തല മുണ്ഡനം ചെയ്തത് സൂചിപ്പിച്ച് ജിഐ ജെയ്ന്‍ എന്ന സിനിമയുടെ സീക്വലില്‍ ജെയ്ഡ അഭിനയിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് അവതാരകന്‍ ഓസ്‌കര്‍ വേദിയില്‍ പറഞ്ഞത്. ഇതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്.

 

Latest News