Friday, April 18, 2025

വില്‍ സ്മിത്തിന് പത്തുവര്‍ഷത്തേക്ക് വിലക്ക്; ഓസ്‌കര്‍ ചടങ്ങുകളില്‍ പങ്കെടുക്കാനാകില്ല

നടന്‍ വില്‍ സ്മിത്തിന് പത്തുവര്‍ഷത്തേക്ക് ഓസ്‌കര്‍ ചടങ്ങുകളില്‍നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ ഓസ്‌ക്കര്‍ വേദിയില്‍വെച്ച് മുഖത്തടിച്ചതിനാണ് വില്‍ സ്മിത്തിനെ പത്തുവര്‍ഷത്തേക്ക് വിലക്കിയത്. ഇത്തവണ മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വില്‍ സ്മിത്തിനെതിരെ കടുത്ത നടപടിയുമായി അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആന്‍ഡ് സയന്‍സസ് രംഗത്തെത്തിയത്. വിലക്ക് നിലവില്‍ വരുന്നതോടെ അക്കാദമിയുടെ ഒരു ചടങ്ങിലും നേരിട്ടോ അല്ലാതെയോ ഇക്കാലയളവില്‍ വില്‍ സ്മിത്തിന് പങ്കെടുക്കാനാകില്ല.

വെള്ളിയാഴ്ച ചേര്‍ന്ന അക്കാദമിയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗത്തിലാണ് വില്‍ സ്മിത്തിനെ പത്തു വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍ സ്മിത്ത് അറിയിച്ചു. ചടങ്ങിലുണ്ടായ സംഭവത്തില്‍ ആ സമയം കൃത്യമായി പ്രതികരിക്കാതിരുന്നതില്‍ അക്കാദമി ക്ഷമ ചോദിച്ചു. നേരത്തെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവച്ചതായി വില്‍ സ്മിത്ത് തന്നെ അറിയിച്ചിരുന്നു.

ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സാധിച്ചില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല അവതാരകനെ മര്‍ദ്ദിച്ചതിന് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും വില്‍ സ്മിത്ത് അറിയിച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് 94-ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോകിനെ പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ മുഖത്ത് അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിന്‍കെറ്റിനെ കളിയാക്കുന്ന തരത്തില്‍ സംസാരിച്ചതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിച്ചത്.

 

Latest News