Monday, November 25, 2024

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ ഏഴ് മുതൽ

ഈ വർഷം ഡിസംബർ ഏഴ് മുതൽ ഡിസംബർ 29 വരെ പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ശീതകാല സമ്മേളനത്തിന് ആകെ 17 പ്രവൃത്തി ദിവസങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുൻപേ തന്നെ സമ്മേളനം ആരംഭിക്കും.

നേരത്തെ മൺസൂൺ സെഷൻ ജൂലൈ 18ന് ആരംഭിച്ച് ഓഗസ്‌റ്റ് എട്ടിനാണ് പിരിഞ്ഞത്. 22 ദിവസങ്ങളിലായി 16 സെഷനുകൾ നീണ്ടുനിന്നതാണ് മൺസൂൺ സെഷൻ. അതേസമയം, ഭാരത് ജോഡോ യാത്രയുടെ തിരക്കിലായതിനാൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പാർലമെന്റ് ശീതകാല സമ്മേളനത്തിൽ പങ്കെടുത്തേക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. രാജ്യസഭാ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധങ്കർ ഉപരിസഭയിൽ നടപടികൾ നിയന്ത്രിക്കുന്ന ആദ്യ സെഷനായിരിക്കും ഈ ശീതകാല സമ്മേളനം.

സമ്മേളനത്തിന്റെ ആദ്യ ദിവസം മരണപ്പെട്ട സിറ്റിംഗ് അംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചേക്കും. മുലായം സിംഗ് യാദവ് ഉൾപ്പെടെയുള്ളവർക്ക് പാർലമെന്റ് ആദരം അർപ്പിക്കും.

 

Latest News