പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഹമാസ് ആരംഭിച്ച യുദ്ധത്തില്‍ ഇസ്രയേലിനൊപ്പമെന്ന നിലപാട് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ബൈഡന് നിലപാട് വ്യക്തമാക്കിയത്. ഹമാസിനെതിരായ ഇസ്രയേലിന്റെ പോരാട്ടം ചരിത്രത്തിന്റെ ഗതി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
“അയല്‍രാജ്യത്തിൻ്റെ ജനാധിപത്യത്തെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഹമാസിനെയും പുടിനെയും വിജയിക്കാന്‍ അനുവദിക്കില്ല.” ബൈഡന് പറഞ്ഞു. യുക്രൈനിലെ അധികാരത്തിനും നിയന്ത്രണത്തിനുമുള്ള പുടിൻ്റെ വിശപ്പ് അവസാനിപ്പിച്ചില്ലെങ്കില്‍, അദ്ദേഹം സ്വയം ഒതുങ്ങില്ലെന്നും ബൈഡൻ വ്യക്തമാക്കി. അമേരിക്ക എല്ലാ തരത്തിലുമുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരാണെന്നു ചൂണ്ടിക്കാട്ടിയ ബൈഡന് ഇസ്രയേല്‍ വ്യോമസേനയ്ക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തതായും കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ആശുപത്രിയില്‍ നടന്നത് ഇസ്രയേല്‍ ആക്രമണം അല്ലെന്നും ബൈഡന് ആവര്‍ത്തിച്ചു.
യുദ്ധത്തില്‍ ഇരു വിഭാഗത്തും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപെടുത്തുന്നതായി വ്യക്തമാക്കിയ ബൈഡന് പലസ്തീന് ജനതയുടെ കടുത്ത ദുരിതത്തെ അപലപിക്കുന്നതായും പറഞ്ഞു. ഹമാസ് ലോകത്തിനു മേല്‍ അഴിച്ചുവിട്ടത് അങ്ങേയറ്റം പൈശാചികമായ നടപടിയെന്നും ബൈഡന് വ്യക്തമാക്കി.