വിദ്യാഭ്യാസമുള്ളതുകൊണ്ട് മാത്രം സ്ത്രീകളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും ബലം പ്രയോഗിച്ച് ജോലിക്കയയ്ക്കരുതെന്നും ബോംബെ ഹൈക്കോടതി. ജോലിക്ക് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സമ്പൂര്‍ണ അവകാശം സ്ത്രീകള്‍ക്കാണെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് ജീവനാംശം നല്‍കണമെന്ന കോടതി ഉത്തരവിനെതിരെ മുംബൈ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ബോംബൈ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍.
ഏതെങ്കിലും ഒരു ജോലി ചെയ്യാന്‍ സ്ത്രീകള്‍ക്ക് യോഗ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലിക്ക് പോകണമോ വേണ്ടയോ എന്നത് ആ സ്ത്രീയുടെ മാത്രം തീരുമാനമാണെന്ന് ജസ്റ്റിസ് ഭാരതി ദാംഗ്രെ വ്യക്തമാക്കി. ഇന്ന് ഞാന്‍ കോടതിയിലെ ജഡ്ജിയാണ്. നാളെ മുതല്‍ ഞാന്‍ വീട്ടിലിരിക്കാന്‍ തീരുമാനിച്ചാല്‍ നിങ്ങള്‍ക്ക് ജഡ്ജിയാകാന്‍ യോഗ്യതയുണ്ടല്ലോ. അതുകൊണ്ട് ജോലി ചെയ്തേ മതിയാകൂ എന്ന് നിങ്ങള്‍ പറയുമോ? ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ജസ്റ്റിസ് ഭാരതി ദാംഗ്രെ ചോദിച്ചു.
വീട്ടിലെ സ്ത്രീ കുടുംബത്തിനായി സാമ്പത്തികമായി സംഭാവന നല്‍കണമെന്നത് നമ്മുടെ സമൂഹം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്റെ മുന്‍ഭാര്യ വിദ്യാഭ്യാസമുള്ളയാളാണെന്നും സ്വന്തമായി ജോലിക്ക് പോയി ചെലവിനുള്ള പണം കണ്ടെത്താന്‍ സാധിക്കുമെന്നുമുള്ള വാദത്തെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.
മുന്‍ ഭാര്യയ്ക്കൊപ്പം താമസിക്കുന്ന മകള്‍ക്കുള്‍പ്പെടെ സുഖമായി ജീവിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഈ സ്ത്രീയ്ക്ക് നല്ല വരുമാനമുള്ള ജോലിയുണ്ടെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. വിധി പറയാനായി കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റിവച്ചു.