രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ഡൽഹിയിൽ അറസ്റ്റ് ചെയ്തു. മരിച്ചു പോയ തന്റെ അച്ഛനെ തിരിച്ചുകൊണ്ടുവരുന്നതിന് നരബലി നടത്താനാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയതെന്നാണ് 25-കാരിയുടെ മൊഴി. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനകം പോലീസ് കണ്ടെത്തി മാതാപിതാക്കളെ തിരികെ ഏല്പിച്ചു.
ഡൽഹിയിലെ ഗാർഹി മേഖലയിൽ നിന്ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പരാതി ലഭിച്ചതിനെ തുടർന്ന് ഊർജ്ജിതമായി നടത്തിയ അന്വേഷണത്തിൽ അമർ കോളനി പോലീസ് കോട്ല മുബാറക്പൂർ പ്രദേശത്ത് വെച്ച് ശ്വേത എന്ന സ്ത്രീയിൽ നിന്നാണ് കുട്ടിയെ കണ്ടെടുത്തതെന്നു ഡിസിപി വ്യക്തമാക്കി.
ശ്വേതയുടെ പിതാവ് ഒക്ടോബറിൽ മരിച്ചിരുന്നു. അതേ ലിംഗത്തിലുള്ള കുഞ്ഞിനെ നരബലി നൽകിയാൽ പിതാവിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരവേളയിൽ തനിക്ക് വിവരം കിട്ടിയെന്നുമാണ് ശ്വേത പോലീസിനോട് പറഞ്ഞത്. പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന അന്ധവിശ്വാസത്തിൽ ഒരു ആൺകുഞ്ഞിന് വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ സഫ്ദാര്ജംഗ് ആശുപത്രിയിൽ എത്തുകയും തട്ടികൊണ്ട് പോയ കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് കുട്ടിയെ തട്ടിയെടുക്കുകയും ആയിരുന്നു.