Tuesday, November 26, 2024

കലാപങ്ങളുടെ ഇര സ്ത്രീകളും കുട്ടികളും: മണിപ്പൂരിലും ഇത് വിഭിന്നമല്ല

കലാപങ്ങളുടെയും അക്രമസംഭവങ്ങളുടെയും യഥാർഥ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഇന്നും ഈ വാദത്തിന് വലിയ മാറ്റങ്ങളൊന്നുമില്ല. ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളായ മണിപ്പൂരിലെ യുവതികള്‍ ഇക്കാലത്തെ വ്യക്തമായ ഉദാഹരണങ്ങളുമാണ്. ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ചില കണക്കുകള്‍ നമുക്കൊന്ന് പരിശോധിക്കാം.

വംശീയകലാപത്തെ തുടർന്ന് സംസ്ഥാനത്തു നിന്നും 14,000 സ്‌കൂൾകുട്ടികളെ മാറ്റിപ്പാർപ്പിച്ചതായി വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. ഇതിൽ 93 ശതമാനത്തിലധികം കുട്ടികളും അടുത്തുള്ള സ്‌കൂളിൽ ചേർന്നിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണാദേവി രേഖാമൂലം രാജ്യസഭയിൽ വ്യക്തമാക്കി. “മണിപ്പൂരിൽ നിലവിലെ സാഹചര്യം കാരണം 14,763 സ്‌കൂൾകുട്ടികളെ മാറ്റിപ്പാർപ്പിച്ചു. ഇത്തരത്തിൽ മാറ്റിപ്പാർപ്പിച്ച വിദ്യാർഥികളുടെ പ്രവേശന നടപടികൾ സുഗമമാക്കുന്നതിന് ഓരോ ദുരിതാശ്വാസ ക്യാമ്പിനും ഒരു നോഡൽ ഓഫീസറെ വീതം നിയോഗിച്ചിട്ടുണ്ട്” – അവർ പറഞ്ഞു.

സുരക്ഷിതമായ കുടുംബസാഹചര്യങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും നഷ്ടപ്പെട്ട് മറ്റൊരു സാഹചര്യത്തിലേക്ക് കുട്ടികളെ പറിച്ചുനടുന്ന കാഴ്ചയാണ് മണിപ്പൂരിലുള്ളത്. കലാപത്തിന്റെ രൂക്ഷതയും ഒപ്പം ഈ പറിച്ചുനടലും കുട്ടികളെ എത്രത്തോളം ബാധിക്കുന്നു എന്നത് ചിന്തിക്കേണ്ടതുതന്നെയാണ്. മാറ്റിപാർപ്പിച്ച വിദ്യാർഥികളിൽ 93.5 ശതമാനത്തിനും അടുത്തുള്ള സ്‌കൂളിൽ സൗജന്യമായി പ്രവേശനം നല്‍കി എന്ന്, കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രി അവകാശപ്പെടുമ്പോളും കുട്ടികള്‍ക്ക് ഇത് യഥാര്‍ഥത്തില്‍ അനാഥത്വം തന്നെയാണ്.

മെയ് 3-ന് മണിപ്പൂരിൽ നടന്ന വംശീയസംഘർഷത്തിനുശേഷം 160-ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായും കണക്കുകളുണ്ട്. എന്നാല്‍ കണക്കുകളില്‍ ചേര്‍ക്കപ്പെടാത്ത എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. കഴിഞ്ഞ ദിവസം മണിപ്പൂര്‍ ആള്‍ക്കൂട്ട ആക്രമണ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റീസ് പറഞ്ഞ കാര്യം ഇതിനോട് ചേര്‍ത്തുവായിക്കപ്പെടേണ്ടതായുമുണ്ട് – “വൈറലായ വീഡിയോയിലെ സ്ത്രീകള്‍ക്കെതിരായ ആക്രമണം മാത്രമല്ല, ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഒന്നിലധികം സംഭവങ്ങളെക്കുറിച്ച്‌ സൂചിപ്പിക്കുന്നുണ്ട്.” ഇത് വ്യക്തമാക്കുന്നത് നിരവധി സ്ത്രീകള്‍ ക്രൂരമായ അതിക്രമങ്ങള്‍ക്ക് വിധേയാരായിട്ടുണ്ട് എന്നാണ്. എന്നിരുന്നാലും കോടതിയുടെ ഇടപെടല്‍, രാജ്യത്തെ ജുഡിഷ്യറി ഇനിയും മരിച്ചിട്ടില്ല എന്നു ബോധ്യപ്പെടുത്തുന്നു. “മറ്റൊരു വീഡിയോ വെളിച്ചത്തുവരുമ്പോള്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂ എന്നാകരുത്. ഈ മൂന്ന് സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്‌” – ചീഫ് ജസ്റ്റിസ് പറഞ്ഞു.

Latest News