Saturday, November 23, 2024

ഇ-സിഗരറ്റ് ഉപയോഗം സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്ന് പഠനം

ഇ-സിഗരറ്റ് ഉപയോഗം സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നവര്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. ഇ-സിഗരറ്റും പുകയില ഉല്‍പന്നങ്ങളും ഉപയോഗിക്കുന്ന 8,340 സ്ത്രീകളില്‍ നിന്ന് ശേഖരിച്ച രക്തസാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഈ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ ആന്റി മുള്ളേറിയന്‍ ഹോര്‍മോണ്‍ (എഎംഎച്ച്) അളവ് കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു സ്ത്രീയുടെ അണ്ഡാശയത്തില്‍ എത്ര അണ്ഡങ്ങള്‍ അവശേഷിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന ഹോര്‍മോണുകളാണിത്. ഇ-സിഗരറ്റ് ഉപയോഗിക്കുന്ന എല്ലാ പ്രായ വിഭാഗങ്ങളിലും എഎംഎച്ച് അളവ് കുറവാണ്.

20നും 30നും ഇടയില്‍ പ്രായമുള്ള യുകെയിലെ 3.25 ലക്ഷം സ്ത്രീകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്ക്.

ഗര്‍ഭിണിയാകാതിരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ശീലം ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പഠനത്തിന്റെ മുഖ്യ രചയിതാവും യൂണിവേഴ്സിറ്റി കോളേജ് ലണ്ടണിലെ റിപ്രൊഡക്ടീവ് ആന്‍ഡ് മോളിക്കുലാര്‍ ജെനറ്റിക്സ് അധ്യാപകനുമായ ഡോ. ഹെലന്‍ ഒ’നില്‍ പറഞ്ഞു. ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ മദ്യം, പുകവലി, മയക്കുമരുന്ന് എന്നിവ ജീവിതശൈലിയില്‍ നിന്ന് ഒഴിവാക്കണം, ഹെലനെ ഉദ്ധരിച്ച് ഡോ. ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വലിയ ജനസംഖ്യയില്‍ ഫെര്‍ട്ടിലിറ്റിയും ഇ-സിഗരറ്റും തമ്മിലുള്ള ബന്ധത്തിന്റെ ആദ്യ തെളിവാണ് ഈ പഠനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News