റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പരേഡില്‍ ബിഎസ്എഫ് -ന്റെ ഒട്ടകസവാരി സംഘത്തിനൊപ്പം ഇത്തവണ സ്ത്രീകളും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തിൽ ആദ്യമായാണ് വനിതകളെയും പരേഡില്‍ ഉള്‍പ്പെടുത്തിയുളള ഒട്ടകസവാരി നടത്തുന്നത്. ബിഎസ്എഫ് ഡയറക്ട്റുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് പുതിയ നീക്കം.
ഈ വര്‍ഷത്തെ പരേഡിലേക്കുള്ള ഒട്ടകസവാരിയില്‍ 15 വനിതകളെ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നതായി നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 25 മുതല്‍ പ്രത്യേക പരിശീലനം നല്‍കിവന്നിരുന്നതായും വിവരമുണ്ട്. എന്നാല്‍ വനിതാ ഒട്ടകസവാരിക്കാരുടെ യൂണിഫോം ചിത്രങ്ങള്‍ പുറത്തുവന്നതോടെ പുരുഷസംഘത്തിനൊപ്പം വനിതാസംഘങ്ങളും ഉണ്ടാകുമെന്ന് വ്യക്തമായിട്ടുണ്ട്.
രാഘവേന്ദ്ര റാത്തോഡ് എന്ന ഡിസൈനർ രൂപകൽപന ചെയ്തിരിക്കുന്ന വസ്ത്രങ്ങളാണ് വനിതാ ഒട്ടകസവാരിസംഘം ധരിക്കുക. 400 വര്‍ഷം പഴക്കമുള്ള ബനാറസ് സാങ്കേതികവിദ്യയുടെ സഹായത്താല്‍ നിര്‍മ്മിച്ചിരിക്കുന്ന വസ്ത്രത്തില്‍ തലപ്പാവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നാടോടിസംസ്‌കാരത്തിന്റെ ഒരു നേർക്കാഴ്ച്ച വസ്ത്രത്തിൽ കാണാന്‍ കഴിയുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
1976 മുതൽ റിപ്പബ്ലിക് ദിന പരേഡിൽ എല്ലാ വർഷവും ഒട്ടകസവാരിയുടെ ഒരു സംഘം പങ്കെടുക്കുന്നുണ്ട്. ഒട്ടകങ്ങളെ പ്രവർത്തനപരമായും ആചാരപരമായും ഉപയോഗിക്കുന്ന രാജ്യത്തെ ഏക സേനയാണ് ബിഎസ്എഫ്. രാജസ്ഥാനിലെ താർ മരുഭൂമിയിൽ ഇന്ത്യ-പാക്ക് അന്താരാഷ്ട്ര അതിർത്തിയിൽ പെട്രോളിംഗ് നടത്താൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഒട്ടകങ്ങളെ ഉപയോഗിക്കുന്നുണ്ട്.