Tuesday, November 26, 2024

ഗഗൻയാൻ ദൗത്യത്തില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കും: ഇസ്രോ മേധാവി

രാജ്യം ഏറെ കാത്തിരിക്കുന്ന ബഹിരാകാശ യാത്രാപദ്ധതിയായ ഗഗൻയാൻ ദൗത്യത്തില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന പ്രഖ്യാപനവുമായി ഇസ്രോ മേധാവി. ഫൈറ്റർ ജെറ്റ് പൈലറ്റുമാർക്കോ, വനിതാ ശാസ്ത്രജ്ഞർക്കോ ഗഗൻയാൻ ദൗത്യത്തില്‍ മുൻഗണന നല്‍കുമെന്നാണ് പ്രഖ്യാപനം. ഭാവിയിൽ, വനിതകളെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതിന്റെ ആദ്യപടിയാണ് ഇതെന്നും ഇസ്രോ മേധാവി എസ്. സോമനാഥ് വ്യക്തമാക്കി.

അടുത്തവര്‍ഷം നടക്കുന്ന ഇസ്രോയുടെ ആളില്ലാ ഗഗൻയാൻ യാത്രയിൽ വ്യോമമിത്ര എന്നഒരു പെൺ ഹ്യൂമനോയിഡിനെയാണ് (മനുഷ്യനെപ്പോലെയുള്ള റോബോട്ട്) ബഹിരാകാശത്തേക്ക് അയക്കുന്നത്. ദൗത്യം വിജയിച്ചാല്‍ 2025 -ലെ ബഹിരാകാശത്തേക്കുള്ള മനുഷ്യന്റെ ആദ്യയാത്രയില്‍ വനിതകളെ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഭാവിയിൽ ഇത്തരം ബഹിരാകാശദൗത്യങ്ങൾക്കായി വനിതകളെ കണ്ടെത്തേണ്ടി സജ്ജരാക്കേണ്ടിവരുമെന്നും ഇസ്രോ മേധാവി അറിയിച്ചു.

2025 -ൽ ആരംഭിക്കുന്ന ഹൃസ്വകാലദൗത്യത്തില്‍ എയർഫോഴ്സിലെ ഫൈറ്റർ പൈലറ്റുമാരെയാണ് പരിഗണിക്കുന്നത്. പരീക്ഷണത്തിനായി ഇസ്രോയ്ക്ക് വനിതാ ഫൈറ്റർ പൈലറ്റുമാരില്ല എന്നും സോമനാഥ് പറഞ്ഞു. അതുകൊണ്ടുതന്നെ അടിയന്തരമായി അത്തരക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2035 -ഓടെ പൂർണ്ണമായും പ്രവർത്തനക്ഷമമായ ബഹിരാകാശനിലയം സ്ഥാപിക്കാനാണ് ഇസ്രോ ലക്ഷ്യമിടുന്നത്.

Latest News