Wednesday, May 14, 2025

സര്‍ക്കാര്‍ സര്‍വീസില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കും പോലെ ശരീരം പൂര്‍ണമായി മറയ്ക്കണം; ഇല്ലെങ്കില്‍ ജോലി നഷ്ടമാകും; കര്‍ശന നിര്‍ദേശവുമായി അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ശരിയത്ത് നിയമങ്ങള്‍ കര്‍ശനമാക്കി താലിബാന്‍ ഭരണകൂടം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അടക്കം ജോലി ചെയ്യുന്ന സ്ത്രീകള്‍ കമ്പിളി പുതയ്ക്കുന്ന പോലെ ശരീരം മറയ്ക്കണമെന്നും അല്ലെങ്കില്‍ ജോലി നഷ്ടമാകുമെന്നും താലിബാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കിയിരിക്കുന്നത്.

അഫ്ഗാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെ സ്ത്രീകളുടെ ജോലി വിഷയം സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് നിലനിന്നിരുന്നത്. എന്നാല്‍ പഴയപോലെ അല്ല, സ്ത്രീകളെ ജോലിയ്ക്ക് പോകാന്‍ അനുവദിക്കുമെന്നും അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ വിവരിച്ച ശേഷമാണ് താലിബാന്‍ ഭീകരര്‍ അധികാരത്തിലേറിയത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ താലിബാന്‍ അനുവാദം നല്‍കിയത്. ശരിയായ രീതിയില്‍ പൂര്‍ണമായും ശരീരം മറയ്ക്കാതെ ആരേയും ജോലി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നതാണ് അതില്‍ ഒന്ന്. നിബന്ധനകള്‍ പാലിക്കാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘വനിതകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഹിജാബ് ധരിക്കാം, പക്ഷെ അത് ശരിയായ രീതിയില്‍ ആയിരിക്കണം. ഒരു കമ്പിളി എങ്ങനെയാണോ പുതയ്ക്കുന്നത് അതുപോലെ ആണ് ഉപയോഗിക്കേണ്ടത്’ താലിബാന്‍ വക്താവ് വിശദീകരിച്ചു. 1996-2001 ഭരണ കാലത്ത് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും താലിബാന്‍ നല്‍കിയിരുന്നില്ല. അതുപോലെ തന്നെ പുരുഷന്മാര്‍ ഷേവ് ചെയ്യുന്നതും താലിബാന്‍ വിലക്കിയിരുന്നു. സിനിമ, സംഗീതം, ടെലിവിഷന്‍ എന്നിവയ്ക്കെല്ലാം താലിബാന്‍ തങ്ങളുടെ ആദ്യ ഭരണ കാലത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

 

Latest News