ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്ന ബില്ല് ഇന്ന് രാജ്യസഭയിലെത്തും. ബുധനാഴ്ച എട്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ബില്ലിന് ലോക്സഭ അംഗീകാരം നല്‍കിയിരുന്നു. രാജ്യസഭയില്‍ ചർച്ച ചെയ്യുന്ന ബിൽ ഇന്ന് തന്നെ പാസാക്കാനാണ് സാധ്യത.
454 എംപിമാരുടെ പിന്തുണയോടെയാണ് വനിതാ സംവരണ ബില്‍ ലോക്‌സഭയുടെ അംഗീകാരം നേടുന്നത്. രണ്ട് അംഗങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭാ പാസാക്കിയ ബില്ലിൽ തെറ്റുകളോ പോരായ്മകളോ രാജ്യസഭയിൽ കണ്ടുപിടിച്ചാൽ ഈ ബില്ല് ലോക്സഭാ ഒരിക്കൽ കൂടി പാസാക്കേണ്ടിവരും. പ്രതിപക്ഷത്തിന് അടക്കം ബില്ലിനോട് അനുകൂല നിലപാടാണ്. അതുകൊണ്ട് തന്നെ ബിൽ അനായാസം രാജ്യസഭ കടക്കും. അതേസമയം, ഭരണഘടന ഭേദഗതിക്ക് പിന്നാലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനഃക്രമീകരണം നടന്നാലെ ബിൽ നിയമമാകു. അതിനാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം ഉണ്ടാകില്ല.
എന്താണ് വനിതാ സംവരണ ബിൽ?
‘നാരി ശക്തി വന്ദൻ അധീന്യം’ എന്ന പേര് നൽകി അവതരിപ്പിച്ച ബില്‍ രണ്ടാം യു.പി.എ. സര്‍ക്കാരാണ് ആദ്യം കൊണ്ടുവന്നത്. രാജ്യസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കിടയില്‍ ഉത്തര്‍പ്രദേശ്, ബിഹാറില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി, ബിഎസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടി അംഗങ്ങള്‍ എതിർപ്പുമായെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. വനിതാ സംവരണത്തിനുള്ളില്‍ ജാതി സംവരണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എതിർപ്പുകള്‍ രൂക്ഷമായതോടെ ബില്‍ പാസാക്കാനുള്ള നീക്കത്തില്‍ നിന്ന് സർക്കാരും പിന്‍വാങ്ങുകയായിരുന്നു. പുതിയ ബില്‍ നിയമമാകുന്നതോടെ രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം വ്യവസ്ഥ ചെയ്യും