വീട്ടിലിരുന്ന് ജോലി (വര്‍ക്ക് ഫ്രം ഹോം) ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനൊരുങ്ങി നെതര്‍ലന്‍ഡ്സ്. ഇതുസംബന്ധിച്ച നിയമ ഭേദഗതി ഡച്ച് പാര്‍ലമെന്റിന്റെ അധോസഭ പാസാക്കിക്കഴിഞ്ഞു. സെനറ്റിന്റെ അംഗീകാരംകൂടി മാത്രമാണ് ഇനി വേണ്ടത്.
നിലവില്‍ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമയ്ക്ക് നിഷേധിക്കാനാവും. അതിന് പ്രത്യേക വിശദീകരണമൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ പുതിയ നിയമപ്രകാരം വര്‍ക്ക് ഫ്രം ഹോം വേണമെന്ന ജീവനക്കാരുടെ ആവശ്യം തൊഴിലുടമ നിര്‍ബന്ധമായും പരിഗണിക്കുകയും, നിഷേധിക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണം
ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടിവരും.
നെതര്‍ലന്‍ഡ്സില്‍ നിലവിലുള്ള 2015 ലെ ഫ്ളെക്സിബിള്‍ വര്‍ക്കിങ് ആക്ട് ആണ് ഭേദഗതി ചെയ്യുന്നത്. തൊഴില്‍ സമയത്തിലും ജോലി ചെയ്യുന്ന സ്ഥലം അടക്കമുള്ളവയിലും മാറ്റംവരുത്താന്‍ ജീവനക്കാര്‍ക്ക് അവകാശം നല്‍കുന്നതാണ് ഈ നിയമം.
ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുന്‍നിരയിലുള്ള രാജ്യമാണ് നെതര്‍ലന്‍ഡ്സ്. കോവിഡ് പശ്ചാത്തലത്തില്‍ അനുവദിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസുകളിലേക്ക് തിരിച്ചെത്തിക്കാന്‍ കമ്പനികള്‍ ശ്രമം നടത്തുന്നതിനിടെയാണ് നെതര്‍ലന്‍ഡ്സില്‍ തൊഴില്‍ നിയമ ഭേദഗതിക്കുള്ള നീക്കം.