സംസ്ഥാനത്ത് പനിയും ജലദോഷവും വ്യാപകമാകുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കാലാവസ്ഥ മാറ്റത്തെ തുടര്‍ന്നുണ്ടായ പകര്ച്ചപ്പനിയാണിതെന്നാണ് വിലയിരുത്തല്‍. ചുമയും ശ്വാസം മുട്ടലും ഉള്‍പ്പടെയുള്ള ലക്ഷണങ്ങള്‍ രോഗികളില്‍ കാണിക്കുന്നുണ്ടെങ്കിലും ഇത് കോവിഡിന്റെ അനന്തര ഫലമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
നീണ്ടു നില്ക്കുന്ന ചുമ, തൊണ്ടവേദന, നെഞ്ചില്‍ ബുദ്ധിമുട്ട് എന്നിവയാണ് ഇപ്പോള്‍ കണ്ടുവരുന്ന പനിയുടെ ലക്ഷണങ്ങള്‍. പിന്നാലെ ശ്വാസം മുട്ടലും ചുമയും രോഗത്തിന്റെ ഭാഗമാകുന്നുണ്ട്. നാലുമുതല്‍ അഞ്ച് ദിവസം വരെ ഇത് നീണ്ടുനില്‍ക്കുന്നതിനാല്‍ കോവിഡിന്റെ അനന്തര ഫലമാണെന്ന് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാല്‍ ഇന്‍ഫ്ളുവന്‍സ, റെസ്പിറേറ്ററി സിന്‍സിഷ്യല്‍ എന്നീ വൈറസുകളാണ് ഈ പനിക്കു പിന്നില്‍. അതിനാല്‍ ആശങ്കകള്‍ ഒഴിവാക്കാനാണ് ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദ്ദേശം.
ചിലര്‍ക്ക് ആസ്മക്ക് സമാനമായ കടുത്ത ശ്വാസം മുട്ടലും ചുമയും ഉണ്ടാകുന്നത് ഭയപ്പെടുത്തുന്നുണ്ട്. അതിനാല്‍ മരുന്നും വേണ്ടത്ര വിശ്രമവും രോഗികള്‍ക്ക് ഉണ്ടാകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
പൊടി അടിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണം, കഫത്തില്‍ നിറവ്യത്യാസം കണ്ടാല്‍ വൈദ്യ സഹായം തേടണം – ആരോഗ്യവകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ധാരാളം വെള്ളം കുടിക്കാനും, ശരീരത്തിന് വിശ്രമം നല്‍കാനും രോഗികള്‍ ശ്രദ്ധിക്കണം.