തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ രാജ്യത്ത് വീണ്ടും മരണം. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് തൊഴിൽ സമ്മർദ്ദം താങ്ങാനാകാതെ ഒരു ഫിനാൻസ് കമ്പനിയിലെ ഏരിയ മാനേജർ തരുൺ സക്സേന എന്ന യുവാവ് ജീവനൊടുക്കിയത്. ടാർജെറ്റ് തികയ്ക്കാത്തതിൽ മേലുദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദവും ഉറക്കമില്ലാത്ത ജോലിയും സമ്മർദ്ദവും വിശദീകരിച്ച് അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് 34 വയസുകാരനായ തരുൺ ആത്മഹത്യ ചെയ്തത്. 45 ദിവസമായി താൻ ശരിക്ക് ഉറങ്ങിയിട്ടെന്നും ഇദ്ദേഹം കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രമുഖ ദേശീയ പത്രങ്ങൾ എല്ലാം തന്നെ റിപ്പോർട്ട് ചെയ്ത വാർത്തയാണ് മുകളിൽ ചേർത്തിട്ടുള്ളത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാൻ സാധിക്കാത്ത വിധം ജോലി സമ്മർദ്ദമുള്ള മാനസിക പ്രശ്നങ്ങൾ അനുദിനം വർദ്ധിച്ച് വരുന്ന കാഴ്ചയാണ് നാം കാണുന്നത്. ഐ ടി, ബാങ്കിംഗ് ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ ഇത് മൂലമുള്ള അത്മഹത്യകൾ തുടർച്ചായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എ.എസ്.ഐ ജിമ്മി ജോർജ് പോലീസ് അക്കാദമിയിലെ പഴയ ആശുപത്രി കെട്ടിടത്തിൽ തൂങ്ങിമരിച്ചു. ആലപ്പുഴ എ.ആർ ക്യാമ്പിലെ പോലീസ് ഡ്രൈവർ സുധീഷിനെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം, ഇൻഫോപാർക്ക് സ്റ്റേഷനിലെ സി.പി.ഒ മധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻമേട് സ്റ്റേഷനിലെ കോൺസ്റ്റബിൾ രതീഷിനെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷനിലെ എ.എസ്.ഐ ജോർജ് കുരുവിളയെ കോട്ടയത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കേരളത്തിൽ കഴിഞ്ഞ ആഴ്ചകളിൽ ആത്മഹത്യ ചെയ്ത പോലീസുകാരെ പറ്റി മാധ്യമങ്ങളിൽ വന്ന വാർത്തകളാണ് ഇതൊക്കെ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 88 പോലീസുകാർ കേരളത്തിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച കണക്ക്. കഠിനമായ ജോലിഭാരം കൊണ്ടുള്ള മാനസിക സമ്മർദമാണ് മിക്കവരുടെയും ആത്മഹത്യക്ക് കാരണമെന്നാണ് സേനാംഗങ്ങൾ പറയുന്നത്. മറ്റ് കാരണങ്ങളുണ്ടെങ്കിലും അതിലേക്ക് എല്ലാം നയിക്കുന്നതും ജോലിസമ്മർദം തന്നെ.
വിട്ടുമാറാത്ത ജോലിസ്ഥലത്തെ സമ്മർദ്ദത്തിൻ്റെ ഫലമായുണ്ടാകുന്നതും വിജയകരമായി കൈകാര്യം ചെയ്യപ്പെടാത്തതുമായ ഒരു രോഗാവസ്ഥയായിട്ടാണ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബേൺഔട്ടിനെ നിർവചിക്കുന്നത്. ഊർജം കുറയുക, ജോലിയോടുള്ള നിഷേധാത്മകത, പ്രൊഫഷണൽ ഫലപ്രാപ്തി കുറയുക തുടങ്ങിയവ ഈ അവസ്ഥയുടെ പ്രകടമായ ലക്ഷണങ്ങളാണ്. ഈ അവസ്ഥക്ക് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം അമിത ജോലിഭാരം തന്നെയാണ്. അധികാരികളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതിരിക്കുക, ജോലിയും കുംബജീവിതവും തമ്മിലുള്ള സംയോജനത്തിൽ വിള്ളലുകൾ സംഭവിക്കൂക എന്നിവ പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു.
ഒരു ബഹുമുഖ സമീപനത്തിലൂടെ മാത്രമേ തൊഴിലിടങ്ങളിലെ സമ്മർദത്തെ അതിജീവിക്കാൻ കഴിയൂ. ഒന്നാമതായി, അതിരുകൾ നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. ജോലി സമയം പരിമിതപ്പെടുത്തുകയും സ്വയം പരിചരണത്തിനുള്ള സമയം ഉറപ്പാക്കുകയും ചെയ്യുന്നത് അമിതഭാരം എന്ന തോന്നൽ തടയും. രണ്ടാമതായി, ജോലിഭാരത്തെയും പ്രതീക്ഷകളെയും കുറിച്ച് സൂപ്പർവൈസർമാരുമായി തുറന്ന ആശയവിനിമയ നടത്തുക അത് സമ്മർദ്ദം ലഘൂകരിക്കാനുള്ള ക്രമീകരണങ്ങളിലേക്ക് നയിച്ചേക്കാം.
നടത്തം അല്ലെങ്കിൽ യോഗ പോലുള്ള ശാരീരിക പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. മറ്റൊരു പ്രധാന ഘടകം സാമൂഹിക പിന്തുണ തേടുക എന്നതാണ്. സമ്മർദ്ദത്തിൻ്റെയോ ക്ഷീണത്തിൻ്റെയോ വികാരങ്ങൾ ചർച്ച ചെയ്യാൻ സഹപ്രവർത്തകരോടോ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ സമീപിക്കുന്നത് വൈകാരിക ഭാരം കുറയ്ക്കും. ശക്തമായ സാമൂഹിക പിന്തുണാ സംവിധാനമുള്ളവർക്ക് സമ്മർദ്ദം കുറയാനുള്ള സാധ്യത 50% കൂടുതലാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. പൊള്ളൽ ഗുരുതരമാകുകയാണെങ്കിൽ, ഒരു തെറാപ്പിസ്റ്റിൽ നിന്നോ കൗൺസിലറിൽ നിന്നോ പ്രൊഫഷണൽ സഹായം തേടുന്നത് വീണ്ടെടുക്കലിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും.
(തുടരും)
ഡോ. സെമിച്ചൻ ജോസഫ്