Sunday, November 24, 2024

സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികൾക്ക് ധനസഹായം നല്‍കും

ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടന്ന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. 17ദിവസമായി തുരങ്കത്തില്‍ കഴിഞ്ഞ 41 തൊഴിലാളികളെ പുറത്തെത്തിച്ചതിനു പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്. തൊഴിലാളികള്‍ക്ക് ഒരുലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

17ദിവസം നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ചൊവ്വാഴ്ച വൈകിട്ടോടെ കുടുങ്ങിക്കിടന്ന 41 പേരെയും പുറത്തെത്തിച്ചിരുന്നു. ഇവർ ഇപ്പോൾ 24 മണിക്കൂർ നിരീക്ഷണത്തിലാണ്. തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യം കണ്ട സങ്കീർണമായ രക്ഷാപ്രവർത്തനമാണ് കഴിഞ്ഞ ദിവസം വിജയം കണ്ടത്. രക്ഷാപ്രവർത്തനം ഉച്ചയോടെ മാനുവൽ ഡ്രില്ലിങ് പൂർത്തിയാക്കി അവസാന ഘട്ടത്തിലേക്ക് കടന്നിരുന്നു. പിന്നാലെ പത്തിൽ അധികം വരുന്ന ആംബുലൻസുകളും മറ്റ് സജ്ജീകരണങ്ങളും തുരങ്കത്തിലേക്ക് എത്തി. ഡോക്ടർമാർ അടക്കമുള്ളവരും സ്ഥലത്ത് ഉണ്ടായിരുന്നു. ഒരാളെ പുറത്ത് എത്തിക്കാൻ 4 മിനിറ്റാണ് വേണ്ടി വന്നത്.

Latest News