Monday, November 25, 2024

സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ തുടങ്ങി

ഉത്തരകാശിയിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാൻ തുടങ്ങി. ടണല്‍ തുരക്കല്‍ വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെയാണ് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ തുടങ്ങിയത്. നാലു തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചതായി അഭ്യൂഹങ്ങളുണ്ട്.

നീണ്ട 17 ദിവസത്തെ ശ്രമകരമായ രക്ഷാദൗത്യത്തിനൊടുവിലാണ് ടണലില്‍ കുടുങ്ങിയ തൊഴിലാളികളുടെയടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയത്. ഞായറാഴ്ച ടണല്‍ സ്ഥിതിചെയ്യുന്ന കുന്നില്‍ നിന്നും കുത്തനെ നടത്തിയ ഡ്രില്ലിംഗ് ചൊവ്വാഴ്ച ഉച്ചയോടെ വിജയിക്കുകയായിരുന്നു. വളരെ വേഗത്തിൽ തുരക്കൽ പൂർത്തീകരിക്കാൻ സാധിച്ചത് രക്ഷാദൗത്യത്തിൽ നിർണ്ണായകമായതായി അധികൃതര്‍ അറിയിച്ചു.

ടണലില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തെത്തിയ എന്‍.ഡി.ആര്‍.എഫ്, എസ്‌.ഡി.ആർ.എഫ് സംഘം ഇവരെ സ്ടെക്ചറില്‍ പുറത്തെത്തിക്കും. ടണലിനു പുറത്ത് തൊഴിലാളികളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസുകളും സജ്ജമാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളോട് വസ്ത്രങ്ങളും മറ്റും തയ്യാറാക്കി വയ്ക്കാൻ നിർദേശിച്ചിരുന്നു. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം ചിന്യാലിസൗർ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

Latest News