യുക്രെയിനിലെ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന-ഭൗതിക സൗകര്യങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ ഏകദേശം 60 ബില്യണ്‍ ഡോളറില്‍ എത്തിയിട്ടുണ്ടെന്ന് ആദ്യകാല കണക്കെടുപ്പില്‍ ലോകബാങ്ക് പറഞ്ഞു.
യുദ്ധത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ചെലവുകള്‍ ഉള്‍പ്പെടുത്താതെയാണ് ഈ എസ്റ്റിമേറ്റ്. യുദ്ധം തുടരുന്നതിനനുസരിച്ച് തുക ഇനിയും ഉയരുമെന്ന് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് വ്യാഴാഴ്ച ഒരു സമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത യുക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി, രാജ്യത്തിന്റെ സാമ്പത്തിക നഷ്ടം നികത്താന്‍ പ്രതിമാസം ഏകദേശം 7 ബില്യണ്‍ ഡോളര്‍ ആവശ്യമാണെന്നും എല്ലാം പുനര്‍നിര്‍മ്മിക്കാന്‍ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ വീണ്ടും ആവശ്യമാണെന്നും പറഞ്ഞു.
റഷ്യയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയും ആസ്തികള്‍ മരവിപ്പിക്കുകയും ചെയ്ത രാജ്യങ്ങളോട് യുദ്ധാനന്തരം യുക്രെയ്‌നെ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കാനും കൂടാതെ മറ്റ് രാജ്യങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനും ആ പണം ഉപയോഗിക്കണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്നിനായി 800 മില്യണ്‍ ഡോളറിന്റെ അധിക സുരക്ഷാ സഹായ പാക്കേജ് പ്രത്യേകം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഈ വാരാന്ത്യത്തില്‍ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം റഷ്യ നിരസിച്ചതായി യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു.