ഇന്ന് ജൂണ്‍ 14; ലോക രക്തദാന ദിനം. രക്തദാനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. എന്നാല്‍ കുറച്ചു നാളുകള്‍ക്കു മുമ്പു വരെ ഇതായിരുന്നില്ല നമ്മുടെ കേരളത്തിന്റെ അവസ്ഥ. വാട്‌സാപ്പും ഫേസ്ബുക്കും തുടങ്ങി സാമൂഹ്യമാധ്യമങ്ങളുടെ കടന്നുവരവ് ഈ മേഖലയില്‍ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കേരളത്തില്‍ എവിടെയും ഇന്ന് ആവശ്യക്കാര്‍ക്ക് രക്തം സുലഭമായി ലഭിക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. അതിനു പിന്നില്‍ പ്രവര്‍ത്തിച്ച സന്നദ്ധപ്രവര്‍ത്തകരെ ഓര്‍ക്കാന്‍ കൂടി ലഭിച്ചിരിക്കുന്ന ഈ ദിനത്തില്‍ വളരെ വ്യത്യസ്തനായ ഒരു സന്നദ്ധ രക്തദാന പ്രവര്‍ത്തകനെ പരിചയപ്പെടാം.
‘പക്വത ഡേവിസ്’
എറണാകുളം ജില്ലയിലെ ആലുവക്കടുത്തുള്ള വെള്ളാരപ്പിള്ളി എന്ന കൊച്ചുഗ്രാമത്തില്‍ അനേകം ഡേവിസുമാര്‍ ഉണ്ട്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും തന്നെ വ്യത്യസ്തമായ വിളിപ്പേരുകളുമുണ്ട്. അത്തരമൊരു ഡേവിസാണ് നമ്മുടെ താരം ‘പക്വത ഡേവിസ്.’ വെള്ളാരപ്പിള്ളിയിലും പരിസരപ്രദേശങ്ങളിലും രക്തത്തിന് ആവശ്യം ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ആളുകള്‍ ആദ്യം ഓര്‍ക്കുന്നത് ഇദ്ദേഹത്തെയാണ്. രാത്രിയെന്നോ, പകലെന്നോ നോക്കാതെ ആവശ്യക്കാര്‍ക്ക് രക്തം ലഭിച്ചിരിക്കും. അമ്പതിലധികം തവണ വ്യക്തിപരമായി രക്തം ദാനം ചെയ്തിട്ടുള്ള ഇദ്ദേഹം ഈ മേഖലയില്‍ അനേകര്‍ക്ക് പ്രചോദനമായി നിലകൊള്ളുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓപ്പറേഷനുമായി ബന്ധപ്പെട്ട് തന്റെ പിതാവിന് രക്തം തേടിയലഞ്ഞ 19 വയസുകാരന്‍. സുലഭമായി ലഭിക്കുന്ന ബി പോസിറ്റീവ് ഗ്രൂപ്പിലുള്ള രണ്ടു യൂണിറ്റ് രക്തം ലഭിക്കാന്‍ ആ ചെറുപ്പക്കാരന് ഏറെ കഷ്ടപ്പെടേണ്ടി വന്നു. തനിക്ക് വന്ന ബുദ്ധിമുട്ട് മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ദൃഢനിശ്ചയമാണ് സന്നദ്ധ രക്തദാന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ഡേവിസിന് പ്രചോദനമായത്.
രക്തബന്ധം എറെയുള്ള ആള്‍
സംസ്ഥാനത്തിന്റെ ഏതു മേഖലയില്‍ ചെന്നാലും താന്‍ രക്തം ദാനം ചെയ്തവരോ, താന്‍ വഴി രക്തം സ്വീകരിച്ചവരോ ആയി ആരെങ്കിലുമൊക്കെ ഉണ്ടാകും. അവരില്‍ പലരും തന്നെ വിളിക്കുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ഡേവിസ് വെളിപ്പെടുത്തുന്നു.
പ്രചോദനമാകുന്ന പ്രവര്‍ത്തനങ്ങള്‍
ആദ്യകാലങ്ങളില്‍ ഒരൊറ്റയാള്‍ പട്ടാളം എന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേവിസിന്റെ ഫോണ്‍ നമ്പര്‍ പലരും ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്നത് ‘ബ്ലഡ് ഡേവിസ്’ എന്ന പേരിലാണ്. പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുന്‍പ് കാഞ്ഞൂര്‍, ശ്രീമൂലനഗരം, വാഴക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു രക്തദാന ഫോറത്തിന് രൂപം കൊടുക്കുകയാണ് അദ്ദേഹം ചെയ്തത്.
ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലും കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ച് രക്തദാതാക്കളുടെ പേര് ശേഖരിച്ചത് അക്കാലത്ത് വലിയ പുതുമയുള്ള പ്രവര്‍ത്തനമായിരുന്നു. രക്തദാന സന്ദേശം പ്രചരിപ്പിക്കുന്നതിനു വേണ്ടി വാഹനപ്രചരണ ജാഥ നടത്തുകയും നൂറുകണക്കിന് സന്നദ്ധ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങാനും അദ്ദേഹത്തിനു കഴിഞ്ഞു.
അംഗീകാരങ്ങള്‍ അനവധി
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഐ.എം.എ-യുടേത് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും കെ.ജെ. ഡേവിസിനെ തേടിയെത്തി. അപ്പോഴെല്ലാം തനിക്ക് ലഭിക്കുന്ന അവാര്‍ഡുകള്‍ വ്യക്തിപരമായ ഒരു നേട്ടമായി കാണുന്നതിനപ്പുറം സന്നദ്ധ രക്തദാന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനേകര്‍ക്കുള്ള ഒരു പ്രചോദനമായിട്ടാണ് അദ്ദേഹം കണക്കാക്കിയത്. തന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ യൗസേപ്പിതാവിന്റെ അനുഗ്രഹമാണെന്നു വിശ്വസിക്കുന്ന ഒരു ഉത്തമ ക്രിസ്തീയവിശ്വാസിയാണ് ഡേവിസ്.
കരുതലായി കുടുംബം
രക്തദാന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന കുടുംബമാണ് തന്റെ കരുത്ത് എന്ന് ഡേവിസ് അടിവരയിടുന്നു. വീട്ടമ്മയായ ഭാര്യ ജീനയും അയര്‍ലണ്ടില്‍ നേഴ്‌സായി ജോലി ചെയ്യുന്ന പ്രിയ, നേഴ്‌സിങ് വിദ്യാര്‍ത്ഥിനികളായ മരിയയും ലിതിയയും മകന്‍ ലിയോയും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. ഇവരും തങ്ങളുടെ പിതാവിന്റെ എല്ലാ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും പങ്കാളികളാണ്.
(ഈ രക്തദാന ദിനത്തില്‍ ഡേവിസിനെ വിളിക്കാം; ആശംസകള്‍ നേരാം 093888 21589)