ലോക ചെസ്സ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി. ഗുകേഷ്. ലോക ചെസ്സ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിൽ നിലവിലെ ചാംപ്യൻ കൂടിയായ ചൈനയുടെ ഡിങ് ലിറനെ അട്ടിമറിച്ചുകൊണ്ടാണ് കിരീടവും ഒപ്പം പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കിയത്.
അവസാന ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ചാണ് നിലവിലെ ചാംപ്യനെ അട്ടിമറിച്ചത്. 14 ഗെയിമുകളിൽനിന്ന് മൂന്നാം ജയം സ്വന്തമാക്കിയ ഗുകേഷ്, 7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ പരാജയപ്പെടുത്തിയത്. മൂന്നാം ഗെയിമും 11–ാം ഗെയിമും ഗുകേഷും ഒന്നാം ഗെയിനും 12–ാം ഗെയിമും ഡിങ് ലിറനും സ്വന്തമാക്കിയിരുന്നു. ബാക്കിയുള്ളവ സമനിലയിലാണ് എത്തിയത്. വെള്ളക്കരുക്കളുടെ ആനുകൂല്യവുമായിട്ടായിരുന്നു നിലവിലെ ചാംപ്യൻ ഡിങ് ലിറന്റെ കളി. എന്നാൽ എതിരാളിയുടെ പിഴവ് കൃത്യമായി മനസ്സിലാക്കി കളിച്ചതോടെ വിജയം ഗുകേഷ് സ്വന്തമാക്കുകയായിരുന്നു.
മുൻ റെക്കോർഡ് ഉടമയായ റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവിനെക്കാൾ നാലു വയസ്സ് ഇളയവനാണ് 18 കാരനായ ദൊമ്മരാജു, 1985 ൽ കിരീടം നേടുമ്പോൾ അദ്ദേഹത്തിന് 22 വയസ്സായിരുന്നു. 12-ാം വയസ്സിൽ ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ചെന്നൈ പ്രതിഭ വളരെക്കാലമായി ചെസ്സ് ലോകത്തിലെ ഒരു സൂപ്പർസ്റ്റാറാണ്. എന്നാൽ ഈ വർഷം സിംഗപ്പൂരിൽ നടന്ന ഫിഡെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിലേക്ക് എത്തുമ്പോൾ വെല്ലുവിളികൾ പലതായിരുന്നു.
14 മത്സരങ്ങളുള്ള ലോക ചാമ്പ്യൻഷിപ്പ് മത്സരം കഴിഞ്ഞ രണ്ടാഴ്ചയായി ലോകമെമ്പാടുമുള്ള ചെസ്സ് ആരാധകർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. മത്സരത്തിൽ വിജയം നേടിയ ഗുകേഷിന് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ നേർന്നു.