ഖത്തർ ലോകകപ്പിൻറെ മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങൾ നടക്കും. ആരാധകർ കാത്തിരുന്ന അർജന്റീന-സൗദി മത്സരത്തിന് പുറമെ മൂന്ന് മത്സരങ്ങൾക്കുകൂടി ലുസൈൽ സ്‌റ്റേഡിയം വേദിയാകും. മുൻനിര താരങ്ങൾ എല്ലാം തന്നെ ലാറ്റിനമേരിക്കൻ വമ്പൻമാർക്ക് വേണ്ടി ഇന്ന് സൗദി അറേബ്യക്കെതിരെ കളത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
കോച്ച് ലയണൽസ് സ്‌കലോണിയുടെ കീഴിൽ അപരാജിത കുതിപ്പുമായിട്ടാണ് സൗദിക്ക് എതിരെയുള്ള അർജന്റീനയുടെ പോരാട്ടം. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയെയും, കോപ്പാ അമേരിക്കയിൽ ബ്രസീലിനേയും തകർത്ത പ്രതീക്ഷയിലാണ് അർജൻറിന ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ഇറങ്ങുക. മെസ്സിക്ക് വേണ്ടിയൊരു കിരീടം നേടുകയെന്നത് തന്നെയാണ് ടീമിൻറെ മുഖ്യ ലക്ഷ്യം. മധ്യ നിരയിൽ ഡിപോൾ, പരഡേസ്, പപ്പു ഗോമസ് മുന്നേറ്റ നിരയിൽ ഡി മരിയ, ലൗട്ടോറോ മാർട്ടിൻ എന്നിവർ ടീമിന് കരുത്താകും. മൊളീന, റോമേറോ, ഓട്ടമെൻറി, അക്യുന,എന്നീവർ പ്രതിരോധം തീർക്കും. ഗോൾവല കാക്കാൻ എമിലിയാനോ മാർട്ടിനസുമാണ് ഇറങ്ങുക.
ഇന്ത്യൻ സമയം വൈകീട്ട് 6.30 ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡെൻമാർക്ക്- ടുണീഷ്യയെ നേരിടും. 9.30നുള്ള മത്സരത്തിൽ മെക്‌സിക്കോ പോളണ്ടിനെയാണ് നേരിടുക. പുലർച്ചെ 12.30 നു നടക്കുന്ന നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് എതിരാളി ഓസ്‌ട്രേലിയയാണ്.