വൂഹാൻ നഗരത്തിൽ ആരംഭിച്ച് അഞ്ച് വർഷത്തിനുശേഷവും തുടരുന്ന കോവിഡ് പകർച്ചവ്യാധിയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ ചൈനയോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. “ഇത് ധാർമികവും ശാസ്ത്രീയവുമായ അനിവാര്യതയാണ്” എന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
സുതാര്യതയും പങ്കിടലും രാജ്യങ്ങൾ തമ്മിലുള്ള സഹകരണവുമില്ലാതെ, ലോകത്തിന് ഭാവിയിലെ പകർച്ചവ്യാധികളെ വേണ്ടത്ര തടയാനും തയ്യാറാകാനും കഴിയില്ല. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക്, സ്വാഭാവികമായി വൈറസ് കൈമാറ്റം ചെയ്യപ്പെട്ടതായി പല ശാസ്ത്രജ്ഞരും കരുതുന്നുണ്ടെങ്കിലും വുഹാനിലെ ഒരു ലബോറട്ടറിയിൽനിന്നാണ് കൊറോണ വൈറസുകൾ രക്ഷപെട്ടതെന്ന് ചില സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.
തിങ്കളാഴ്ചത്തെ ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയോട് ചൈന പ്രതികരിച്ചിട്ടില്ല. മുൻകാലങ്ങളിൽ വൈറസുകൾ ലാബിൽനിന്ന് ചോർന്നതാണെന്ന വാദത്തെ ചൈന ശക്തമായി നിരസിച്ചിട്ടുണ്ട്. ലബോറട്ടറി ചോർച്ചയെക്കാൾ, ഒരു മാർക്കറ്റിൽ വിൽക്കുന്ന രോഗബാധിത മൃഗങ്ങളിൽനിന്നാണ് കോവിഡ് മഹാമാരി ആരംഭിച്ചതെന്ന് സെപ്റ്റംബറിൽ ഒരു സംഘം ശാസ്ത്രജ്ഞർ പറഞ്ഞു. 2020 ജനുവരിയിൽ വുഹാനിൽനിന്നു ശേഖരിച്ച നൂറുകണക്കിന് സാമ്പിളുകൾ വിശകലനം ചെയ്തശേഷമാണ് അവർ ഈ നിഗമനത്തിലെത്തിയത്.