Monday, November 25, 2024

കരുതാം മനസ്സിനെ…

“മനസ്സ് ഒരു മാന്ത്രികക്കൂട് മായകൾ തൻ കളിവീട് …
ഒരു നിമിഷം പല മോഹം അതിൽ വിരിയും ചിരിയോടെ…
മറുനിമിഷം മിഴിനീരിൻ കഥയായ് മാറും…”
രമേശൻ നായർ, മോഹൻ സിത്താര കൂട്ടുകെട്ടിൽ പിറന്ന കളി വീട് എന്ന ചിത്രത്തിലെ ഈ മനോഹരമായ ഈരടികൾ കെ എസ് ചിത്രയുടെയും യേശുദാസിന്റെയും ശബ്ദമാധുരിയിൽ മലയാളി ഏറ്റുവാങ്ങുകയായിരുന്നു. കവികളും കാല്പനികരും കലാകാരൻമാരും എല്ലാം മനസ്സിനെ നമുക്ക് പിടിതരാത്ത മാന്ത്രിക കൂടായി സങ്കല്പിക്കുകയാണ്. എന്നാൽ സത്യത്തിൽ സങ്കീർണമെങ്കിലും സുന്ദരമായ ഒരു സംവിധാനമാണ്‌ മനുഷ്യ മനസ്സ്‌.

മനസിൻറെ പ്രശ്നങ്ങൾക്ക് ശരീരത്തിൻറെ പ്രശ്നങ്ങളോളം നാം പ്രാധാന്യം കൊടുക്കാറില്ല. ചില ആളുകൾ മാനസികാരോഗ്യത്തെ ‘വൈകാരിക ആരോഗ്യം’ അല്ലെങ്കിൽ ‘ക്ഷേമം’ എന്ന് വിളിക്കുന്നു, ശാരീരിക ആരോഗ്യം പോലെ പ്രധാന്യമുള്ളതാണത്. മനസിൻറെ കേന്ദ്രം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സങ്കീർണ്ണ അവയവമായ തലച്ചോറാണ്. ശരീരത്തിൻറെ പ്രവർത്തനങ്ങളെ ആകെ തന്നെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതുകൊണ്ടു മനസിനെ ബാധിക്കുന്നു എന്ന് നമ്മൾ കരുതുന്ന രോഗങ്ങൾ തലച്ചോറിൻറെ പ്രവർത്തനത്തെയും അതിലൂടെ ശരീരത്തെ ഒന്നാകയും ബാധിക്കുന്നുണ്ട് തിരിച്ചു ശരീരത്തിൻറെ രോഗങ്ങൾ മനസ്സിനെയും.

നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന പല രോഗങ്ങളുടെയും അടിസ്ഥാന കാരണം മാനസിക പ്രതിസന്ധി കൾ ആണ് എന്നതാണ് വസ്‌തുത. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 35 കോടി ആളുകൾക്ക് വിഷാദരോഗം ബാധിച്ചിട്ടുണ്ട്. കേരളത്തിൽ പതിനെട്ടു വയസിനു മുകളിൽ ഉള്ളവരിൽ 12.43% പേർക്ക് മാനസികാരോഗ്യ പ്രശ്നമുണ്ട്.പതിനെട്ടു വയസിനു മുകളിൽ ഉള്ളവരിൽ വിഷാദരോഗം ബാധിച്ചിരിക്കുന്നത് 5 % പേർക്കാണ്. (ഏകദേശം പതിനേഴ് ലക്ഷം പേർ) ഞെട്ടിപ്പിക്കുന്ന ഈ കണക്കു നമ്മുടെ മാനസികാരോഗ്യത്തിന്റെ പ്രധാന്യവും പ്രസക്തിയും വിളിച്ചോതുന്നതാണ്.

ലക്ഷണങ്ങൾ അവഗണിക്കാതിരിക്കാം

ശീലങ്ങളിലും ശ്രദ്ധയിലും ഉണ്ടാകുന്ന പ്രകടമായ മാറ്റങ്ങൾ, സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ, യാഥാർത്ഥ്യം അല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക, അനുകരിക്കുവാൻ പ്രയാസം തോന്നുക, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, അകാരണമായ പേടി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, അമിതമായ ദേഷ്യം എന്നി ലക്ഷണങ്ങൾ ആരംഭത്തിലെ കണ്ടെത്തി വേണ്ടേ ചികിത്സ ലഭ്യമാക്കിയാൽ നല്ലൊരു ശതമാനം മാനസിക പ്രശ്നങ്ങങ്ങളും പരിഹരിക്കാൻ സാധിക്കും.

വീണ്ടും ഒരു മനസ്സികാരോഗ്യദിനം കൂടി

മാനസികാരോഗ്യത്തിന്റെ പ്രധാന്യത്തെ കുറിച്ച് മനസിലാക്കാനും മാനസിക രോഗങ്ങളെ കുറിച്ച് ബോധവത്കരണം നൽകുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ വർഷവും ഒക്ടോബർ 10 ലോക മനസ്സികാരോഗ്യദിനമായി ആചരിച്ചു വരുന്നു. മാനസികമായ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഡോക്ടറെ സമീപിക്കുന്നതിലുള്ള ഒരു ബുദ്ധിമുട്ട് പലരിലും നിലനിൽക്കുന്നുണ്ട്. ഡോക്ടറെ സമീപിക്കുന്നത് നാണക്കേടായും മറ്റുള്ളവർ അറിഞ്ഞാൽ എന്ത് ചിന്തിക്കും ഗുളികകൾ കഴിച്ചാൽ പിന്നെയും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നും മറ്റുമായിരിക്കും. ഇതെല്ലാം മാറ്റിയെടുക്കുന്നതും ഈ ഒരു ദിനാചാരണത്തിന്റെ ലക്ഷ്യമാണ്‌.

“മാനസിക ആരോഗ്യവും ക്ഷേമവും ഒരു ആഗോള മുൻഗണനയാക്കുക” എന്ന ചർച്ചാ വിഷയമാണ്‌ ഈ വർഷം വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് സ്വീകരിച്ചിരിക്കുന്നത്. നമുക്ക് ഒന്നു ചേർന്ന് പ്രവർത്തിക്കാം മാനസിക ആരോഗ്യത്താൽ സമ്പന്നമായ ഒരു സമൂഹ നിർമ്മിതിക്കായി.

ഡോ. സെമിച്ചൻ ജോസഫ്‌
(അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി(DIST ) സാമൂഹ്യ പ്രവർത്തന വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ )

Latest News