ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന (യുഎൻ) അടയാളപ്പെടുത്തുന്ന തീയതി എന്ന പ്രത്യേകത പേറിയ ദിനമാണ് ഇന്ന്. മനുഷ്യകുലത്തിൽ ജീവനോടെയുള്ളവരുടെ ഔദ്യോഗിക കണക്കാണിത്. ഇതിൽ ഏറ്റവും കൂടുതൽ ജനമുള്ളത് ചൈനയിൽ – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നാലെയുണ്ട് – 141.2 കോടി.
പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് തുടങ്ങിയവ ജനസംഖ്യാ വർധനയെ സ്വാധീനിച്ചിരിക്കുന്നു. നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കുക, മനുഷ്യകുലത്തെ മനസ്സിലാക്കുക, ഒപ്പം ശിശുമരണനിരക്ക് കുറയ്ക്കുകയും ആയുർദൈർഘ്യം വർധിപ്പിക്കാനും സഹായിച്ച വൈദ്യശാസ്ത്ര മേഖലയുടെ പുരോഗതി വിസ്മയത്തോടെ വീക്ഷിക്കുകയും ചെയ്യേണ്ട അവസരമാണിതെന്ന് എയ്റ്റ് ബില്യൻ ഡേ പ്രഖ്യാപനത്തോട് അനുബന്ധിച്ചു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടു.
ജനസംഖ്യ വർധിക്കുമ്പോൾ ഭൂമി പല പ്രതിസന്ധികളും നേരിടുന്നുണ്ട്. വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവർ നമ്മുടെയിടയിലുണ്ട്. അതേസമയം ലഭ്യമാകുന്ന ഭക്ഷണം അനാവശ്യമായി പാഴാക്കുന്നവരും ഉണ്ട്. ജനസംഖ്യ കൂടുന്നത് പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള സാഹചര്യം കൂടിയാണ് സൃഷ്ടിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം മാത്രമല്ല, ഊർജ ഉപഭോഗവും വർധിക്കും. ഇതെല്ലാം മൊത്തത്തിൽ ബാധിക്കുന്നത് ഭൂമിയെയും കൂടിയാണ്.
ലോകത്തുണ്ടാകുന്ന പകുതിയോളം ഗർഭധാരണവും (121 ദശലക്ഷം) ‘പദ്ധതിയിട്ടവ’യല്ലെന്ന് ഈ വർഷം ആദ്യം യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 1970 കളിൽ ഒരു സ്ത്രീക്ക് ശരാശരി 4.5 കുട്ടികൾ എന്ന കണക്കിൽ ഉണ്ടായിരുന്നത് 2015 ൽ 2.5 കുട്ടികൾ എന്ന നിലയിലായി. 1990 കളിൽ ആയുർദൈർഘ്യം 64.6 വയസായിരുന്നു. അത് 2019 ൽ 72.6 വയസ്സ് വരെയായി. യുഎൻ റിപ്പോർട്ട് അനുസരിച്ച് ജനസംഖ്യാ വർധന കുറയുകയാണ്. 700 കോടിയിൽനിന്ന് 800 കോടിയാകാൻ 11 വർഷമെടുത്തെങ്കിൽ അത് 900 കോടിയാകാൻ 15 വർഷം എടുക്കുമെന്നാണു സൂചന.