ലോക മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ 159-ാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ട്. രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് എല്ലാ വര്‍ഷവും സൂചിക പുറത്തിറക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 159-ാം സ്ഥാനത്താണ്. 2023ലെ പട്ടികയില്‍ ഇന്ത്യ 161-ാം സ്ഥാനത്തായിരുന്നു. ഇത്തവണ രണ്ട് സ്ഥാനങ്ങള്‍ കയറി. നോര്‍വേയാണ് സൂചികയില്‍ മുന്നില്‍. ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനത്തും സ്വീഡന്‍ മൂന്നാം സ്ഥാനത്തുമാണ്. അതേസമയം, പാകിസ്ഥാന്‍ ഏഴ് സ്ഥാനങ്ങള്‍ മുകളില്‍ 152-ല്‍ എത്തി.
ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു. റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷം ഇന്ത്യയില്‍ ഇന്നു വരെ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയിലായിട്ടുണ്ട്. അതേസമയം 2024 ജനുവരിക്ക് ശേഷം രാജ്യത്ത് ഒരു മാധ്യമ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിട്ടില്ല. 2023ലെ ടെലികമ്മ്യൂണിക്കേഷന്‍സ് ആക്ട്, കരട് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (റെഗുലേഷന്‍) ബില്‍, 2023ലെ ഡിജിറ്റല്‍ പേഴ്സണല്‍ എന്നിവയുള്‍പ്പെടെ മാധ്യമങ്ങളെ നിയന്ത്രിക്കാനും വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യാനും വിമര്‍ശകരെ നിശബ്ദരാക്കാനും സര്‍ക്കാരിന് അസാധാരണമായ അധികാരം നല്‍കുന്ന നിരവധി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ന് ശേഷം ഇന്ത്യയിലെ മാധ്യമങ്ങള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിടുന്നുവെന്നും പറയുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയും വന്‍കിട മാധ്യമ ഉടമകളും തമ്മില്‍ അടുപ്പം രൂപപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്ഥിരമായി സൈബര്‍ ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും ശാരീരിക ആക്രമണങ്ങള്‍ക്കും ക്രിമിനല്‍ പ്രോസിക്യൂഷനുകള്‍ക്കും അറസ്റ്റുകള്‍ക്കും വിധേയരാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാശ്മീരിലും സ്ഥിതി വളരെ ആശങ്കാജനകമാണെന്നും പറയുന്നു. ഇന്ത്യ മാത്രമല്ല, ഏഷ്യ-പസഫിക് മേഖലയില്‍ മാധ്യമസ്വാതന്ത്ര്യം മോശമായിരിക്കുന്നുവെന്നും മേഖലയിലെ 26 രാജ്യങ്ങളുടെയും സ്‌കോര്‍ കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.