എല്ലാ വര്‍ഷവും നവംബര്‍ 24 ലോക സയാമിസ് ദിനമായി ആചരിക്കാന്‍ യു.എന്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചു. ബഹ്റൈന്‍, മൊറോക്കോ, ഖത്തര്‍, യമന്‍ എന്നി രാജ്യങ്ങളുടെ സഹകരണത്തോടെ സൗദി അറേബ്യ മുന്‍കൈ എടുത്താണ് ഇങ്ങനെയൊരു ദിനം ആചരിക്കാനുള്ള തീരുമാനമെടുപ്പിച്ചത്. ജന്മനാ ശരീരഭാഗങ്ങള്‍ ഒട്ടിപ്പിടിച്ച് കഴിയുന്ന സയാമീസ് ഇരട്ടകളെ കുറിച്ച് ബോധവത്കരണം നടത്താനാണ് ഇങ്ങനെയാരു ദിനമെന്ന് ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം സൗദി പ്രതിനിധി ഡോ. അബ്ദുല്‍ അസീസ് അല്‍ വാസല്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
സുസ്ഥിരവികസന ലക്ഷ്യങ്ങളിലൂടെ എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുമെന്ന് അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞയെടുത്തിരിക്കുന്നു. അതിനാല്‍ സയാമീസ് ഇരട്ടകള്‍ക്ക് ഏറ്റവും മികച്ച ആരോഗ്യവും ക്ഷേമവും മനുഷ്യാവകാശങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്. സൗദി ഭരണകൂടം മനുഷ്യന്റെ ആരോഗ്യത്തിന് വലിയ പരിഗണനയാണ് നല്‍കുന്നത്. സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന കാര്യത്തില്‍ സൗദി അറേബ്യ വളരെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും” അല്‍ വാസല്‍ പറഞ്ഞു. സയാമീസ് ലോകദിന പ്രമേയം തയ്യാറാക്കുന്നതിലും ചര്‍ച്ച ചെയ്യുന്നതിലും പിന്തുണ നല്‍കിയ യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ട്, ലോകരോഗ്യസംഘടനാ പ്രതിനിധികള്‍ എന്നിവരോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
സൗദി മുന്‍കൈയ്യെടുത്ത സംരംഭമാണ് സയാമീസ് ലോക ദിനചരണ തീരുമാനമെന്ന് കിങ് സല്‍മാന്‍ റിലീഫ് കേന്ദ്രം ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളെ വേര്‍പെടുത്തേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പുതിയ ജീവിതത്തിനായി പ്രത്യാശ നല്‍കുന്നതിനുമുള്ള വാര്‍ഷിക അവസരമാണിതെന്നും അദ്ദേഹം വിശദീകരിച്ചു. രോഗങ്ങളില്‍ നിന്നും ജന്മനായുള്ള വൈകല്യങ്ങളില്‍ നിന്നും അകന്ന് നല്ല ആരോഗ്യവും ശാരീരിക സുരക്ഷയും ആസ്വദിക്കുന്ന ഭാവി തലമുറകളെ വളര്‍ത്തിയെടുക്കുന്നതിന് ഈ ദിനാചരണം സഹായിക്കും. സയാമീസുകളെ വേര്‍പെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിനോടുള്ള ഭരണകൂട താല്‍പര്യമാണ് ഈ തീരുമാനത്തില്‍ പ്രതിഫലിക്കുന്നതെന്നും അല്‍റബീഅ കൂട്ടിച്ചേര്‍ത്തു.
1990 ലാണ് സയാമീസുകളെ വേര്‍പ്പെടുത്തുന്നതിനുള്ള പ്രോഗ്രാം സൗദി ആരംഭിച്ചത്. അത് അന്താരാഷ്ട്ര അംഗീകാരവും വലിയ വിജയങ്ങളും ഇതിനകം നേടികഴിഞ്ഞു. 33 വര്‍ഷത്തിനിടയില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് 61 സയാമീസുകളെ റിയാദിലെത്തിച്ച് വിജയകരമായ ശസ്ത്രക്രിയകള്‍ നടത്തി. 26 രാജ്യങ്ങളില്‍ നിന്നുള്ള 139 കേസുകള്‍ ഇതിനകം പഠിച്ചുകഴിഞ്ഞു. അതില്‍നിന്നാണ് 61 ജോഡികളെ കൊണ്ടുവന്ന് വേര്‍പ്പെടുത്തിയത്. ലോകത്താദ്യമായി സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ ശസ്ത്രക്രിയ നടന്ന ദിവസമാണ് നവംബര്‍ 24. അത് 1689 ലായിരുന്നു. 10 ദിവസം തുടര്‍ച്ചയായാണ് ഈ ശസ്ത്രക്രിയ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.