ജർമ്മനിയിലെ ഡസൽഡോർഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് വര്‍ഷിച്ച ബോംബ് കണ്ടെത്തി. ഡസൽഡോർഫ് സിറ്റി മൃഗശാലയ്ക്കു സമീപത്തുനിന്ന് ചൊവ്വാഴ്ചയാണ് ഷെൽബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടത്തിയതിനുപിന്നാലെ മേഖലയില്‍ നിന്നും 13,000 പേരെ ഒഴിപ്പിച്ചതായാണ് വിവരം.
ഏകദേശം ഒരു ടൺ ഭാരമുള്ള ഷെല്ബോംബാണ് ഡസൽഡോർഫ് സിറ്റി മൃഗശാലയ്ക്കു സമീപത്തുനിന്നും കണ്ടെത്തിയത്. മൃഗശാലയുടെ പ്രവർത്തനസമയത്തായിരുന്നു ഇത്. ബോംബ് കണ്ടെത്തിയതിനുപിന്നാലെ മേഖലയിലെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ താമസക്കാരെയും, ഭരണകൂടം അടിയന്തരമായിഒഴിപ്പിച്ചു. നിലവില്‍ ബോംബ് നിർവീര്യമാക്കുന്നതിനും അതോടൊപ്പം സമീപപ്രദേശങ്ങളില്‍ തിരച്ചിലുകളും തുടരുകയാണ്. നടപടിയുടെ ഭാഗമായി പ്രദേശത്തെ എല്ലാ റോഡുകളും താത്കാലികമായി അടച്ചു. എന്നാൽ നടപടികൾ പൂർത്തിയാക്കിയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ആയിരക്കണക്കിന് ബോംബുകൾ ഇപ്പോഴും ജർമ്മൻമണ്ണിൽ നിർവീര്യമാക്കപ്പെടാതെ കിടക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നേരത്തെയും സമാനമായി രണ്ടാംലോക മഹായുദ്ധകാലത്തെ ബോംബ് രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.