Monday, March 31, 2025

നാളേയ്ക്കുവേണ്ടി കരുതാം ഓരോ തുള്ളി ജലവും

‘ജലം അമൂല്യമാണ്; അത് പാഴാക്കരുത്…’ ‘ജലം സംരക്ഷിക്കൂ; ജീവൻ രക്ഷിക്കൂ…’ നാം പറഞ്ഞുകേട്ടതും അനുഭവിച്ചറിഞ്ഞതുമായ ജലത്തെക്കുറിച്ചുള്ള അറിവും ആവശ്യവും വരുംതലമുറയിലേക്ക് പകർന്നുകൊടുക്കുന്നത് ഇത്തരം വാചകങ്ങളിലൂടെയാണ്. ഓരോ തലമുറയും അവർക്കു പിന്നാലെയുള്ള തലമുറയ്ക്ക് ജലത്തിന്റെ ആവശ്യത്തെയും അത് അമൂല്യമാണെന്നും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. മാർച്ച് 22, ലോക ജലദിനത്തിൽ നമുക്കോരോരുത്തർക്കും ആ കടമയുണ്ട്. ഇവിടെ നാം പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും മറ്റെവിടെയോ ചിലർ ആ ഒരു തുള്ളി വെള്ളത്തിനായി  കാത്തിരിക്കുന്നുണ്ടെന്ന് നാം ഓർമ്മിക്കണം.

ഹിമനിരകൾ പ്രകൃതിദത്ത ശുദ്ധജലസംഭരണികളായി സ്ഥിതിചെയ്യുന്നവയാണ്. അതിനാൽതന്നെ ഈ 2025 വർഷത്തിലെ ജലദിനത്തിൽ ​ഹിമനിരകളുടെ സംരക്ഷണത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് യു എൻ ഓർമ്മിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വ്യക്തികളുടെയും സമൂഹങ്ങളുടെയും ക്ഷേമത്തിന് ഹിമനിരകൾ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഭൂമിയുടെ ഏകദേശം 70% ശുദ്ധജലവും ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ഈ തണുത്തുറഞ്ഞ ജലസംഭരണികളെ മനുഷ്യരാശിക്ക് സംരക്ഷിക്കാൻ കഴിയും. വളരെ ഉറപ്പുള്ള മാനേജ്മെന്റ് രീതികൾ നടപ്പിലാക്കുന്നതും അന്താരാഷ്ട്ര ശാസ്ത്രീയ സഹകരണം വളർത്തുന്നതും ഈ നിർണ്ണായക ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിലും ദീർഘകാല അഭിവൃദ്ധി ഉറപ്പാക്കുന്നതിലും സുപ്രധാന ഘട്ടങ്ങളാണ്.

2025 ലെ ഐക്യരാഷ്ട്ര സഭയുടെ ലോക ജലവികസന റിപ്പോർട്ട് (UN WWDR) ൽ പർവത ജലാശയങ്ങളെയും ലോകത്തിലെ ‘ജലഗോപുരങ്ങൾ’ എന്ന നിലയിൽ അവയുടെ നിർണ്ണായക പങ്കിനെപ്പറ്റി പറയുന്നുണ്ട്. പർവതപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷണവും ഊർജസുരക്ഷയും ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമായ ശുദ്ധജല സ്രോതസ്സുകളായി കണക്കാക്കപ്പെടുന്നത് പർവതങ്ങളെയാണ്. അതിനാൽ ഇവ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഒരു തുള്ളി വെള്ളത്തിനുവേണ്ടി വരുംതലമുറ അലയാതിരിക്കാൻ  നമുക്ക് ഇന്നേ പ്രവർത്തിച്ചുതുടങ്ങാം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News