വേള്‍ഡ് റെസിലിംഗ് താരവും മുൻ ചാമ്പ്യനുമായിരുന്ന ബ്രേ വയറ്റ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 36-ാം വയസ്സിലാണ് അന്ത്യം. ഡബ്ല്യു.ഡബ്ല്യു.ഇ ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്.
“കഴിഞ്ഞ കുറച്ചു മാസങ്ങളായി വയറ്റ്, വേള്‍ഡ് റെസിലിംഗ് എന്റര്‍ട്ടെയിന്‍മെന്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. വെളിപ്പെടുത്താത്ത ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നായിരുന്നു ഇതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്ന ബ്രേ വയറ്റ് തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് അകാലവിയോഗം. ‘ഡബ്ല്യു.ഡബ്ല്യു.ഇ ഹോൾ ഓഫ് ഫേമർ മൈക്ക് റോട്ടണ്ടയിൽ നിന്നുവന്ന ഫോൺ കോളാണ് വിൻഡ്ഹാം റോട്ടണ്ട എന്ന ബ്രേ വയറ്റ് അന്തരിച്ചെന്ന കാര്യം അറിയിച്ചത്” – ട്രിപ്പിൾ എച്ച് കുറിച്ചു.
ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻഷിപ്പ്, ഡബ്ല്യു.ഡബ്ല്യു.ഇ യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, ഡബ്ല്യു.ഡബ്ല്യു.ഇ റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, ഡബ്ല്യു.ഡബ്ല്യു.ഇ ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റെസ്ലർ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ താരം നേടിയിട്ടുണ്ട്. അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം, റോയൽ റംബിളിൽ എൽ.എ നൈറ്റിനെതിരെയായിരുന്നു. 2009 മുതൽ ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഭാഗമായ ബ്രേ വയറ്റ് ഒരു സമ്പൂർണ്ണ റസ്ലിങ് കുടുംബത്തിൽ നിന്നാണ് വരുന്നത്. റെസിലിംഗ് താരമായിരുന്ന മൈക്ക് റോറ്റുണ്ടയുടെ മകനാണ് ബ്രോ വയറ്റ്. മൈക്ക് റോറ്റുണ്ടയുടെ പിതാവ് ബ്ലാക്ക് ജാക്ക് മല്ലിഗനും അറിയപ്പെടുന്ന റെസിലിംഗ് താരമായിരുന്നു. കൂടാതെ, അദ്ദേഹത്തിന്റെ അമ്മാവന്മാരായ ബാരിയും കെൻഡൽ വിൻഡാമും ഇതേ മേഖലയില്‍ തന്നെയുള്ളവരായിരുന്നു.