Saturday, April 19, 2025

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വനം

ഒരു പ്രദേശം മുഴുവനും കാടാക്കി മാറ്റിയ ഒരു കഥയുണ്ട്. അത് പക്ഷെ ‘പുല്ല് കയറി പരിസരം കാട് പോലെയായി’ എന്ന് പറയും പോലെയല്ല. മരുഭൂമി മരുപ്പച്ചയാക്കി മാറ്റിയ ഒരു സംഭവകഥയാണ്.

മണൽകാറ്റിൽ നിന്നു സംരക്ഷിക്കുന്നതിനായി നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത വനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വടക്കൻ ചൈനയിലെ ഹെബി പ്രവിശ്യയിലെ സൈഹാൻബ നാഷണൽ ഫോറസ്റ്റ് പാർക്കിലാണ് ഈ മനുഷ്യനിർമ്മിത വനം സ്ഥിതിചെയ്യുന്നത്. 200 ചതുരശ്ര കിലോമീറ്ററിലധികം, അഥവാ 77 ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ള ഈ മനുഷ്യനിർമ്മിത വനത്തിലേക്ക് ഒരു യാത്ര നടത്തിയാലോ?

കാടാകും മുൻപ്

400 വർഷങ്ങൾക്കു മുൻപ്, സൈഹാൻബ സമൃദ്ധമായ വനവിഭവങ്ങളുടെയും ഉയർന്ന ജൈവവൈവിധ്യത്തിന്റെയും കേന്ദ്രമായിരുന്നു. എന്നാൽ 1863 ൽ, ക്വിംഗ് സർക്കാർ കർഷകർക്ക് അവിടെ ഭൂമി തിരിച്ചുപിടിക്കാൻ അനുവദിച്ചതിന്റെ ഫലമായി വനങ്ങളും തണ്ണീർതടങ്ങളും അപ്രത്യക്ഷമാകാൻ തുടങ്ങി. പിന്നീട് വളരെ പെട്ടെന്നു തന്നെ സൈഹാൻബ ഒരു തരിശു മരുഭൂമിയായി മാറുകയായിരുന്നു. തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബീജിംഗിലും ടിയാൻജിനിലും മറ്റ് വടക്കൻ ചൈനീസ് നഗരങ്ങളിലും മണൽകാറ്റുകൾ വീശാൻ തുടങ്ങി.

വെല്ലുവിളികൾ നിറഞ്ഞ ആദ്യ ശ്രമം

1962 ൽ സംസ്ഥാന വനംവകുപ്പ് ഈ പ്രശ്നങ്ങൾക്കെല്ലാം അറുതി വരുത്തുന്നതിനായി ഇവിടെ സൈഹാൻബ മെക്കാനിക്കൽ ഫോറസ്റ്റ് ഫാം സ്ഥാപിച്ചു. മരുഭൂമിയെ വീണ്ടും ഒരു മരുപ്പച്ചയാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കമായിരുന്നു അത്. മരം നടുന്നവരുടെ ആദ്യ തലമുറയായിരുന്നു ഇവർ. ഇതിനായി പ്രവർത്തിച്ചത് 369 വനപാലകർ ആയിരുന്നു. അവരിൽ കൂടുതലും 20 വയസ്സുള്ള ചെറുപ്പക്കാർ ആയിരുന്നു. അവരെല്ലാം ആ മരുഭൂമിയിൽ പച്ചപ്പ് വിരിക്കാനുള്ള ശ്രമങ്ങളിൽ ശ്രദ്ധ പുലർത്തി.

നിരവധി ചെറുപ്പക്കാർ നിറഞ്ഞ ആദ്യത്തെ വനപാലക സംഘം നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. ഏറ്റവും ലളിതമായ ഉപകരണങ്ങൾ മാത്രമായിരുന്നു ഇവരുടെ പക്കലുണ്ടായത്. കടുത്ത തണുപ്പും വരൾച്ചയും നേരിടാനുള്ള വസ്ത്രങ്ങൾ പോലും ഇവരുടെ പക്കലുണ്ടായില്ല. വനപാലകർക്ക് അവിടെ അതിജീവനം ബുദ്ധമുട്ടുണ്ടാക്കിയത് അവർ നട്ടുപിടിപ്പിച്ച മരങ്ങളെയും ബാധിച്ചു. മരങ്ങളുടെ അതിജീവനം ഉറപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല.

ഒടുവിൽ പച്ചപ്പ്

മൂന്നു തലമുറയിലെ ചൈനീസ് ജനതയുടെ അസാധാരണമായ പരിശ്രമത്തിനു ശേഷം അവിടം പച്ചപ്പ് കണ്ടുതുടങ്ങി. ഒരു സമൃദ്ധമായ വനം അതിന്റെ പൂർണ്ണതയിലേക്ക് എത്തപ്പെട്ടത് മൂന്ന് തലമുറയ്ക്കു ശേഷമാണ്. തലമുറകളുടെ വലിയൊരു പരിശ്രമത്തിലൂടെയാണ് ഇത്‌ സാധ്യമായത് എന്നുള്ളതുകൊണ്ടു തന്നെ ഇതിന്റെ പിന്നിലെ ഇച്ഛാശക്തിയെ നമുക്ക് ആദരവോടെയേ നോക്കിക്കാണാൻ സാധിക്കൂ.

ഇതിന്റെ വ്യാപ്തി 11.4 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർന്നു. ഇന്ന്, ഏകദേശം അര ബില്യൺ മരങ്ങൾ ഇവിടെയുണ്ട്. മൊത്തം വനശേഖരം 10 ദശലക്ഷം ക്യുബിക് മീറ്ററിലധികം ഉൾക്കൊള്ളുന്നു. ഇത് 4,500 ഒളിമ്പിക് നിലവാരമുള്ള നീന്തൽക്കുളങ്ങൾ നിറയ്ക്കാൻ പര്യാപ്തമാണ്. പ്രതിവർഷം 137 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം സംരക്ഷിക്കാനും ശുദ്ധീകരിക്കാനും കഴിയും.

ഈ മനുഷ്യനിർമ്മിത വനത്തിന് എല്ലാ വർഷവും 7,45,000 ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും 5,45,000 ടണ്ണിലധികം ഓക്സിജൻ പുറത്തുവിടാനും കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News