Thursday, October 10, 2024

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കർദിനാൾ അന്തരിച്ചു

ലുവാണ്ടയിലെ (അംഗോള) ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ അലക്‌സാണ്ടർ ഡോ നാസിമെന്റോ (99) അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കർദിനാളിന്റെ നിര്യാണത്തിൽ ഫ്രാൻസിസ് മാർപാപ്പ ടെലിഗ്രാം സന്ദേശത്തിലൂടെ അനുശോചനം രേഖപ്പെടുത്തി.

നിലവിലെ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ഫിലോമെനോ ഡോ നാസിമെൻ്റോ വിയേര ഡയസിന് അയച്ച വാചകത്തിൽ, കാരിത്താസ് ഇൻ്റർനാഷണലിൻ്റെ മുൻ സെക്രട്ടറി ജനറലിൻ്റെ മരണവിവരം അറിഞ്ഞപ്പോൾ, നിത്യജീവിതത്തിന്റെ സാന്ത്വനത്തിന് ആർക്കും കുറവുണ്ടാകാതിരിക്കാൻ എൻ്റെ പ്രാർഥനകളും കൂട്ടിച്ചേർക്കുന്നു, പാപ്പാ അറിയിച്ചു.

“മനുഷ്യരാശിയുടെ നല്ല സമരിയാക്കാരനായ യേശുവിൻ്റെ കാരുണ്യപൂർണ്ണമായ മുഖത്തെ വിഷമകരവും പ്രയാസകരവുമായ സമയങ്ങളിൽ പ്രകടമാക്കിയ വ്യക്തിയാണ് കർദിനാൾ അലക്സാണ്ടർ. തൻ്റെ വിശ്വാസ സമൂഹത്തിന് അദ്ദേഹം നൽകിയ നല്ല പരിചരണത്തെ സ്മരിക്കുന്നു. ക്രിസ്തുവിലുള്ള വിശ്വാസവും നിത്യജീവനിലുള്ള പ്രത്യാശയും അദ്ദേഹത്തെ ധീരനും സ്വതന്ത്രനുമാക്കി. പൊതുനന്മയ്ക്ക് അനുകൂലമായി നയിക്കാൻ കഴിവുള്ളവനും, തൻ്റെ തീക്ഷ്ണതയിൽ അപ്പോസ്തോലിക വീക്ഷണവുമായി സഹകരിച്ച്, ഇടയ ജനത്തെ നയിക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം.” പാപ്പാ സന്ദേശത്തിൽ വെളിപ്പെടുത്തി.

വത്തിക്കാൻ ന്യൂസ് അനുസരിച്ച്, കർദിനാൾ അലക്സാണ്ടർ ഡോ നാസിമെൻ്റോയെ 1982 ഒക്ടോബർ 15 ന് ഒരു ഇടയ സന്ദർശനത്തിനിടെ ആയുധധാരികളായ ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. അദ്ദേഹത്തെ ആ വർഷം നവംബർ 16 നാണ് മോചിപ്പിച്ചത്. ആ വർഷം ഒക്‌ടോബർ 31-ന് ഞായറാഴ്‌ച ആഞ്ചലൂസ് പ്രാർഥനയ്‌ക്കുശേഷം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. മോചിതനായി മൂന്ന് മാസത്തിന് ശേഷം, 1983 ഫെബ്രുവരിയിൽ, ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തി.

1984-ൽ വത്തിക്കാനിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പങ്കെടുത്ത നോമ്പുകാല ആത്മീയ ധ്യാനം നയിച്ചത് കർദിനാൾ അലക്‌സാണ്ടർ ആയിരുന്നു. രണ്ട് വർഷത്തിന് ശേഷം, 2001 വരെ ലുവാണ്ട അതിരൂപതയുടെ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു. കാത്തലിക് – ഹൈരാർക്കി വെബ്‌സൈറ്റ് അനുസരിച്ച്, ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് അന്തരിച്ച കർദിനാൾ അലക്‌സാണ്ടർ. നിലവിൽ അർജൻ്റീനിയൻ കർദിനാൾ എസ്താനിസ്‌ലാവോ കാർലിക്ക് ആണ് ഏറ്റവും പ്രായമേറിയ കർദിനാൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News