ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും ഫ്രഞ്ച് കത്തോലിക്കാ സന്യാസിനിയുമായ സിസ്റ്റർ ആന്ദ്രേ (118) അന്തരിച്ചു. ജെറന്റോളജി റിസർച്ച് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, 2022 ഏപ്രിൽ 19 -ന് ജപ്പാനിലെ കെയ്ൻ തനക 119-ാമത്തെ വയസിൽ മരിച്ചതിനു ശേഷം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഈ കത്തോലിക്കാ സന്യാസിനി.
1904 ഫെബ്രുവരി 11 -ന് ഫ്രാൻസിലെ അലസിൽ ജനിച്ച ലുസൈൽ റാൻഡൻ, 19 വയസുള്ളപ്പോൾ പ്രൊട്ടസ്റ്റന്റ് മതത്തിൽ നിന്നു മാറി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. 40-ാം വയസിൽ സന്യാസിനി ആകുന്നതുവരെ, ഫ്രാൻസിലെ ആശുപത്രിയിൽ പ്രായമായവരെയും കൊച്ചുകുട്ടികളെയും സേവിച്ചു.
1944 -ൽ സെന്റ് വിൻസെന്റ് ഡി പോൾ സ്ഥാപിച്ച സന്യാസ സഭയിൽ അംഗമായി, സിസ്റ്റർ ആന്ദ്രേ എന്ന പേര് സ്വീകരിച്ചു. എഴുപത്തിയാറു വർഷത്തെ സേവനങ്ങൾക്കു ശേഷം, സിസ്റ്റർ ആന്ദ്രെ തെക്കൻ ഫ്രാൻസിലെ ടൗലോണിലേക്ക് താമസം മാറി. സെന്റ് കാതറിൻ ലേബർ റിട്ടയർമെന്റ് ഹോമിൽ വച്ചാണ് സിസ്റ്ററിന്റെ മരണം.
2019 -ലെ അവരുടെ 115-ാം ജന്മദിനത്തിൽ, സിസ്റ്റർ ആന്ദ്രേയ്ക്ക് ഫ്രാൻസിസ് മാർപാപ്പയിൽ നിന്ന് ഒരു കാർഡും ജപമാലയും സമ്മാനമായി ലഭിച്ചിരുന്നു. പിന്നീട് ആ ജപമാല ആയിരുന്നു സിസ്റ്റർ എല്ലാ ദിവസവും ഉപയോഗിച്ചിരുന്നത്.
ജെറന്റോളജി റിസർച്ച് ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ, ഇനി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സ്പെയിനിൽ താമസിക്കുന്ന 115 വയസുള്ള മരിയ ബ്രാന്യാസ് മൊറേറയാണ്.