വെള്ളിയാഴ്ച, 215 മെട്രിക് ടൺ ഭാരമുള്ള അവസാന സ്റ്റീൽ ട്രസ് സെഗ്‌മെന്റ് ഉയർത്തിയതോടെ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഹുവാജിയാങ് ഗ്രാൻഡ് കാന്യോൺ പാലം ചരിത്രത്തിൽ ഇടംപിടിക്കാനൊരുങ്ങുന്നു. ഈ വർഷത്തിൽ ഉദ്‌ഘാടനം പ്രതീക്ഷിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്ന ഖ്യാതി നേടും.
2022 ൽ നിർമാണം ആരംഭിച്ച പാലത്തിന് ബെയ്പാൻ നദിയിൽനിന്ന് 625 മീറ്റർ ഉയരവും 1420 മീറ്റർ നീളവുമുണ്ട്. ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ഷാങ്ഹായ് ടവറിന്റെ ഉയരവുമായി ഇത് പൊരുത്തപ്പെടുന്നു.
പൂർത്തിയാകുമ്പോൾ, പ്രവിശ്യയിലെ ബെയ്‌പാൻജിയാങ് പാലത്തെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമെന്ന നിലയിൽ ഇത് ഒരു ആഗോള റെക്കോർഡ് സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലിയുഴി-അൻലോംഗ് എക്‌സ്പ്രസ് വേയുടെ ഒരു പ്രധാന ഘടകമെന്ന നിലയിൽ, പാലം മലയിടുക്കിലൂടെയുള്ള യാത്രാസമയം ഒരു മണിക്കൂറിൽനിന്ന് രണ്ടു മിനിറ്റായി കുറയ്ക്കും. പ്രസിദ്ധമായ ഹുവാങ്ഗൂഷു വെള്ളച്ചാട്ടം പോലെയുള്ള സമീപത്തെ ആകർഷണങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിലൂടെ പ്രാദേശിക ടൂറിസം സാധ്യതയും വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.