സംഗീതജ്ഞയും എഴുത്തുകാരിയും ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ അധ്യാപികയുമായിരുന്ന ലീല ഓംചേരി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയവെ ബുധനാഴ്ചയായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു.
ശാസ്ത്രീയസംഗീതത്തില്‍ നിരവധി സംഭവനകള്‍ നല്കിയ ലീല ഓംചേരി, 1928 -ൽ തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് ജനിച്ചത്. ആദ്യകാല സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്തെ വിമൻസ് കോളേജിൽനിന്ന് കർണാടക സംഗീതത്തിലും പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലും ഇരട്ടബിരുദം നേടി. തുടര്‍ന്ന് മീററ്റ് സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദം നേടിയ ലീല ഓംചേരി, ഡൽഹി സർവകലാശാലയിൽനിന്ന് സംഗീതത്തിൽ പി.എച്ച്.ഡിയും സ്വന്തമാക്കി.
അഭിനയസംഗീതം, കേരളത്തിലെ ലാസ്യരചനകൾ, ലീല ഓംചേരിയുടെ പാതകൾ, വെട്ടംമങ്ങിയ കോവിൽപാട്ടുകൾ തുടങ്ങിയ കൃതികൾ ലീല ഓംചേരിയുടെ സംഭാവനകളാണ്. ലീലാഞ്ജലി എന്നപേരിൽ ഒരു ചെറുകഥയും, ജീവിതം എന്ന പേരിൽ ഒരു നാടകവും പിന്നീട് അവര്‍ രചിച്ചു.
ഓംചേരിയുടെ എഴുത്ത് – സംഗീതമേഖലകളിലെ സംഭാവനകളെ പരിഗണിച്ച് 2009 -ൽ രാജ്യം പത്മശ്രീ നൽകി അവരെ ആദരിച്ചിരുന്നു. ഡൽഹി സർവകലാശാലയിലെ മുൻ അധ്യാപിക കൂടിയായിരുന്ന അവർ, മൂന്നുപതിറ്റാണ്ടോളം കർണാടക സംഗീതവിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായും പ്രവർത്തിച്ചു. പ്രമുഖ ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരികൂടിയാണ് ലീല ഓംചേരി.