Tuesday, November 26, 2024

അഭ്യൂഹങ്ങള്‍ക്ക് വിരാമം; പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഷി ജിംഗ്പിങ്

ചൈനീസ് പ്രസിഡന്റ് ഷി ജിംഗ്പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ചൊവ്വാഴ്ച്ച ബെയ്ജിങില്‍ നടന്ന എക്സിബിഷന്‍ വേദിയിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ ചൈന കൈവരിച്ച നേട്ടങ്ങള്‍ വിവരിക്കുന്ന എക്സിബിഷനിലാണ് പ്രസിഡന്റ് പങ്കെടുത്തതെന്ന് സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ മധ്യത്തില്‍ നടത്തിയ വിദേശയാത്രയ്ക്ക് ശേഷം ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സെപ്റ്റംബര്‍ 16ന് അര്‍ധരാത്രിയാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് ശേഷം ഉസ്ബെക്കിസ്ഥാനില്‍ നിന്ന് ഷി ജിംഗ്പിങ് തിരിച്ചെത്തിയത്. കൊവിഡിന് മുമ്പ് 2020 ജനുവരിയില്‍ മ്യാന്‍മറിലേക്കാണ് അദ്ദേഹത്തിന്റെ വിദേശയാത്ര നടന്നിരുന്നത്.

വിദേശയാത്ര കഴിഞ്ഞുണ്ടായ പ്രസിഡന്റിന്റെ അഭാവം ചൈനയുടെ കടുത്ത പ്രോട്ടോക്കോള്‍ മൂലമാണെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര യാത്ര നടത്തി രാജ്യത്തെത്തുന്നവര്‍ മൂന്ന് ദിവസം വീട്ടുക്വാറന്റൈന്‍ നടത്തണമെന്നാണ് നിയമം. ഇതിന് മുമ്പ് ചൈനീസ് ഭരണത്തിലുള്ള ഹോങ്കോങില്‍ പോയി വന്നപ്പോഴും ഷി ജിംഗ്പിങ് പൊതുവേദികളിലുണ്ടായിരുന്നില്ല.

ഷി ജിംഗ്പിങിന്റെ അഭാവത്തെ സംബന്ധിച്ച് വ്യാപക ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20ാം പാര്‍ട്ടി കോണ്‍ഗ്രസ് ഒക്ടോബര്‍ 16ന് ആരംഭിക്കും. പ്രസിഡന്റ് ഷി ജിംഗ്പിങിനെ പ്രബലനായ നേതാവായി തെരഞ്ഞെടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

 

 

 

Latest News