Monday, November 25, 2024

സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും ഉപദേശിച്ച് ചൈനീസ് പ്രസിഡന്റ്

സ്ത്രീകളോട് വീട്ടിലിരിക്കാനും വിവാഹം കഴിച്ച് കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനും ഉപദേശിച്ച് ചൈനയിലെ ദേശീയ വനിതാ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സമാപന യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വനിതാ പ്രതിനിധികള്‍ക്കായി പ്രത്യേക ക്ലാസ് എടുത്തു. വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കണമെന്ന് തന്റെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് വിവാദമായി. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കല്‍ എന്നിവയില്‍ യുവാക്കളെ സ്വാധീനിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വനിതാ കോണ്‍ഗ്രസിലാണ് പ്രസിഡന്റ് ഈ പ്രസ്താവന നടത്തിയത്. സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ അത്യന്താപേക്ഷിതമാണ്. ജനനനിരക്ക് കുത്തനെ ഇടിഞ്ഞതിനാല്‍ ചൈന ജനസംഖ്യാപരമായ പ്രതിസന്ധിയിലാണുള്ളത്. ഷി പറഞ്ഞു.

1960കള്‍ക്ക് ശേഷം ആദ്യമായി ചൈനയില്‍ ജനസംഖ്യ കുറഞ്ഞു. ഇതിന് പണം നല്‍കിയും നികുതി ഇളവ് നല്‍കിയും കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ഇടപെടലുകള്‍ നടത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ജനസംഖ്യയിലുണ്ടായ ഇടിവ് സമ്പദ് വ്യവസ്ഥയിലും പ്രകടമാകുന്നുണ്ട്. വളരെ കുറഞ്ഞ വേഗതയിലാണ് സമ്പദ് വ്യവസ്ഥ വളരുന്നത്. ഫെമിനിസത്തിന്റെ വളര്‍ച്ചയും ഏറെക്കുറെ ബാധിച്ചിട്ടുണ്ട്. ഇതിനെല്ലാം പ്രതിവിധിയായി സ്ത്രീകളോട് വീട്ടിലിരിക്കാനും കുഞ്ഞുങ്ങളെ വളര്‍ത്താനും പ്രായമായവരെ പരിപാലിക്കാനുമാണ് പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതെന്ന് നിരീക്ഷര്‍ പറയുന്നു.

Latest News