Sunday, November 24, 2024

ചൈനയുടെ മിടിക്കുന്ന ഹൃദയം, യാങ്‌സി നദി

ഏഷ്യയിലെ ഏറ്റവും നീളമേറിയ നദിയാണ് ചൈനയിലെ യാങ്‌സി. ഏകദേശം 6300 കിലോമീറ്ററാണ് നീളം. നീളത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനവും. ഒരു രാജ്യത്തിലൂടെ മാത്രം ഒഴുകുന്ന നദികളില്‍ ഏറ്റവും നീളമുള്ള നദിയെന്ന വിശേഷണവും യാങ്‌സിക്കു തന്നെ. ചൈനയില്‍ ചാങ്ജിയാങ് എന്നും യാങ്‌സിക്കു വിളിപ്പേരുണ്ട്. നീളമുള്ള നദി എന്നാണ് ഈ ചൈനീസ് വാക്കിനര്‍ത്ഥം. യാങ്‌സി നദീതടത്തിനു പതിനെട്ടു ലക്ഷത്തിലേറെ ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതായത്, ചൈനയുടെ അഞ്ചിലൊന്നു പ്രദേശമെന്നു ചുരുക്കം. ചൈനയിലെ ഏതാണ്ട് മൂന്നിലൊന്നു ജനങ്ങള്‍ താമസിക്കുന്നതും യാങ്‌സിയുടെ തീരപ്രദേശങ്ങളിലാണ്.

ചൈനയുടെ ചരിത്രം, സംസ്‌കാരം, സാമ്പത്തികരംഗം എന്നിവയുമായി അഭേദ്യബന്ധമുള്ള യാങ്‌സി നദി ടിബറ്റന്‍ പീഠഭൂമിയുടെ കിഴക്കന്‍ പ്രദേശത്തുനിന്നാണ് ഉദ്ഭവിക്കുന്നത്. അഗാധമായ മലയിടുക്കുകളിലൂടെ ഒഴുകുന്ന യാങ്‌സി നദിക്കു ചിലയിടങ്ങളില്‍ 150 മുതല്‍ 180 മീറ്റര്‍ വരെ ആഴമുണ്ട്. ലോകത്തിലെതന്നെ ആഴം കൂടിയ നദികളിലൊന്നായ യാങ്‌സി, ഷാങ്ഹായ് എന്ന സ്ഥലത്തുവച്ച് ഈസ്റ്റ് ചൈന കടലില്‍ ചേരുന്നു. എട്ട് പ്രധാന പോഷകനദികളും മറ്റനേകം ചെറുപുഴകളും ഈ നദിക്കുണ്ട്. യാലോങ്, മിന്‍, ജിയാലിങ്, ഹാന്‍ തുടങ്ങിയവയാണ് പ്രധാനപോഷകനദികള്‍.

ചൈനയുടെ ചരിത്രത്തില്‍ ഉടനീളം യാങ്‌സി കരകവിഞ്ഞൊഴുകി ഒട്ടേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പില്‍ക്കാലത്ത് യാങ്‌സിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഒട്ടനവധി ഡാമുകള്‍ നിര്‍മ്മിക്കപ്പെട്ടു. 2006 ല്‍ പൂര്‍ത്തിയായ ത്രീ ഗോര്‍ജസ് ഡാമാണ് അതില്‍ പ്രധാനപ്പെട്ടത്. ലോകത്തെ ഏറ്റവും വലിയ ജലസേചനപദ്ധതികൂടിയാണത്.

ചൈനീസ് റിവര്‍ ഡോള്‍ഫിനുകള്‍, ചൈനീസ് അലിഗേറ്ററുകള്‍, കൊറിയന്‍ സ്റ്റര്‍ജനുകള്‍ എന്നിവയുള്‍പ്പെടെ പ്രാദേശികവും വംശനാശഭീഷണി നേരിടുന്നതുമായ നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണ് യാങ്സി നദി. നദിയുടെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളാക്കി സംരക്ഷിച്ചു പോരുന്നു. യുനസ്‌കോയുടെ ലോക പൈതൃക സൈറ്റായ ത്രീ പാരലല്‍ റിവേഴ്സ് നാഷണല്‍ പാര്‍ക്ക് ഇതിന്റെ ഭാഗമാണ്. വടക്കന്‍ ചൈനയും ദക്ഷിണ ചൈനയും തമ്മിലുള്ള പ്രധാന വിഭജനരേഖയുമാണ് യാങ്സി.

യാങ്സി നദിയിലെ പാണ്ട

15 കോടി വര്‍ഷമായി ഭൂമിയിലുള്ളതും ഒരുകാലത്ത് ചൈനീസ് രാജാക്കന്മാരുടെ പ്രിയഭക്ഷണമായിരുന്നതും യാങ്സി ന്ദിയില്‍ മാത്രം കണ്ടിരുന്നതുമായ ഭീമന്‍ മത്സ്യമാണ് പാഡില്‍ ഫിഷ്. അശാസ്ത്രീയമായ മീന്‍പിടുത്തവും നദിയിലെ അണക്കെട്ട് നിര്‍മാണവുമെല്ലാം ആ മത്സ്യ വിഭാഗത്തിന്റെ അന്ത്യത്തിന് കാരണമായി. അതീവ വംശനാശ ഭീഷണി നേരിടുന്ന ഈ മത്സ്യത്തിന് ‘യാങ്സി നദിയിലെ പാണ്ട’ എന്ന വിശേഷണവും ഉണ്ടായി. പാണ്ടകളെപ്പോലെ വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ജീവിയായതുകൊണ്ടായിരുന്നു ആ പേര്.

Latest News