Friday, April 4, 2025

മഞ്ഞ നദി, ചൈനയുടെ അമ്മ നദി

ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ നദിയുമാണ് മഞ്ഞ നദി. ചൈനയുടെ ദുഃഖം, ഹ്വാംഗ്ഹെ എന്നീ പേരുകളിലും ഈ നദി അറിയപ്പെടുന്നു. ചിങ് ഹായ് പ്രവിശ്യയിലെ ബയാന്‍ ഹാര്‍ മലനിരകളില്‍നിന്നും ഉത്ഭവിച്ച് ശാന്ത സമുദ്രത്തില്‍ പതിക്കുന്ന ഈ നദിക്ക് 5,464 കിലോമീറ്റര്‍ നീളമുണ്ട്. മഞ്ഞ നദി അതിന്റെ ഗതിയുടെ മിക്ക ഭാഗങ്ങളിലും മന്ദഗതിയിലാണ് ഒഴുകുന്നത്. ശരാശരി ഒഴുക്ക് നിരക്ക് സെക്കന്‍ഡില്‍ 1,800 ക്യുബിക് മീറ്ററാണ്.

മഞ്ഞ നദി എന്ന് ഈ നദിയെ വിളിക്കാന്‍ കാരണം നദിയുടെ അവസാന ഭാഗങ്ങളില്‍ മഞ്ഞ നിറത്തിലുള്ള ചെളി കലങ്ങിയ വെള്ളം കാണപ്പെടുന്നതുകൊണ്ടാണ്. ഇതിനെ ലോകത്തിലെ ഏറ്റവും വലിയ ചെളി നിറഞ്ഞ നദിയായും കണക്കാക്കുന്നുണ്ട്. മഞ്ഞ നദിയ്ക്ക് ‘അമ്മ നദി’ എന്നും വിളിപ്പേരുണ്ട്. ഫലഭൂയിഷ്ഠമായ മണ്ണിന്റെയും ജലസേചനജലത്തിന്റേയും സ്രോതസ്സ് എന്ന നിലയിലാണത്. ഹ്വാംഗ്ഹെ നദീതടം വടക്കന്‍ ചൈനീസ് സംസ്‌കാരത്തിന്റെ ഉത്ഭവസ്ഥലമായതിനാല്‍ ചൈനീസ് സംസ്‌കാരത്തിന്റെ കളിത്തൊട്ടില്‍ എന്നും, മഞ്ഞ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ ചൈനയുടെ ദുഃഖം എന്നും വിളിക്കുന്നു. ഭൂമിയില്‍ ഏറ്റവും അധികം ജീവഹാനി വരുത്തിവച്ച പ്രകൃതിദുരന്തങ്ങളില്‍ ഒന്നായി, പത്തു ലക്ഷം മുതല്‍ നാല്‍പ്പത് ലക്ഷം വരെ ആളുകളുടെ മരണകാരണമായെന്ന് കരുതപ്പെടുന്ന, 1931 ലെ ഹ്വാംഗ്ഹെ വെള്ളപ്പൊക്കം എണ്ണപ്പെടുന്നു.

കൃഷിക്ക് അനുയോജ്യമായ ഫലഭൂയിഷ്ഠമായ ഭൂമി സൃഷ്ടിക്കാന്‍ നദി സഹായിക്കുന്നുണ്ട്. ഇരുപത് പ്രധാന അണക്കെട്ടുകളും മഞ്ഞ നദിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. അവ വടക്കന്‍ ചൈനയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഈ നദി രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 12% പേര്‍ക്ക് ജലം നല്‍കുകയും ഏകദേശം 18 ദശലക്ഷം ഏക്കറില്‍ ജലസേചനം നടത്തുകയും ചെയ്യുന്നു.

മഞ്ഞ നദിയുടെ പോഷകനദികളായ വൈറ്റ് നദി, കറുത്ത നദി, നക്ഷത്ര നദി, ഡാക്‌സിയ നദി, താവോ നദി, സുലി നദി, ക്വിംഗ്ഷൂയി നദി, ദഹേയ് നദി, കുയെ നദി, വുഡിംഗ് നദി, ഫെന്‍ നദി, വെയ് നദി, ലുവോ നദി, ക്വിന്‍ നദി, ഡാവന്‍ നദി, കുവോ നദി തുടങ്ങിയവയില്‍ ഏറ്റവും വലുത്് വെയ് നദിയാണ്.
ഉറവിടം മുതല്‍ കടല്‍ വരെ മഞ്ഞ നദിയുടെ തീരങ്ങളിലായി ധാരാളം പ്രധാന വിനോദസഞ്ചാര നഗരങ്ങളുമുണ്ട്. മഞ്ഞ നദിയുടെ തീരത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഉദ്യാനങ്ങള്‍, മരുഭൂമികള്‍, പുല്‍മേടുകള്‍, ഹുക്കൗ വെള്ളച്ചാട്ടം, ലോസ് പീഠഭൂമി, പുരാതന നഗരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. മഞ്ഞ നദിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടവും ചൈനയിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടവുമാണ് ഹുക്കൗ.

അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നതിനാല്‍ നദിയുടെ അടിത്തട്ട് ചുറ്റുമുള്ള നഗരങ്ങളില്‍ നിന്നും അതിന്റെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നും 10 മീറ്റര്‍ (33 അടി) വരെ ഉയരത്തിലാണ്. അതിനാല്‍ ഇതിനെ ‘തൂങ്ങിക്കിടക്കുന്ന നദി’ അല്ലെങ്കില്‍ ‘നിലത്തിന് മുകളിലുളള നദി’ എന്നും വിളിക്കുന്നു. കപ്പലുകള്‍ തലയ്ക്കു മുകളിലൂടെ സഞ്ചരിക്കുന്ന ഒരേയൊരു നദിയെന്നും മഞ്ഞ നദിയ്ക്ക് വിശേഷണമുണ്ട്.

മഞ്ഞനദിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറയുകയും ജലസേചനത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുകയും ചെയ്തതിനാല്‍, 1972-ല്‍ ആദ്യമായി മഞ്ഞ നദിയുടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വറ്റിവരണ്ടു. അതിനുശേഷം ഏതാണ്ട് വര്‍ഷം തോറും നദി വരള്‍ച്ച നേരിടുകയും ചെയ്യുന്നു. വരള്‍ച്ചയുടെ സമയത്ത് 140 ദശലക്ഷത്തിലധികം ആളുകളും ഏകദേശം 74,000 സാദ്ധ കൃഷിഭൂമിയും അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിയും വരുന്നു. 1996-ല്‍ വരള്‍ച്ച 136 ദിവസവും 1997-ല്‍ 226 ദിവസവും നീണ്ടുനിന്നു.

Latest News