Monday, November 25, 2024

നെഗറ്റീവ് വാര്‍ത്തകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍

ദിനപത്രങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച വാര്‍ത്തകളെ കര്‍ശനമായി നിരീക്ഷിക്കാന്‍ നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്താനുള്ള ചുമതല ജില്ലാഭരണകൂടങ്ങള്‍ക്ക് നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

ആഗസ്റ്റ് 16-നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ് എല്ലാ 18 ഡിവിഷണൽ കമ്മീഷണർമാർക്കും 75 ജില്ലാ മജിസ്‌ട്രേറ്റുകൾക്കും മറ്റ് വകുപ്പുമേധാവികൾക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഏതെങ്കിലും പത്രമോ, മാധ്യമമോ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതായി കണ്ടെത്തിയാൽ വിശദീകരണം തേടണമെന്നാണ് നിര്‍ദേശം. പത്രങ്ങളുടെ അധികാരികളില്‍ നിന്നോ, സ്ഥാപനങ്ങളില്‍ നിന്നോ നേരിട്ട് വിശദീകരണം തേടണമെന്നും ഉത്തർപ്രദേശ് സർക്കാർ ജില്ലാ ഭരണകൂടങ്ങൾക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറും.

എന്നാൽ നിലവിൽ സർക്കാർ പുറത്തിറക്കിയ സർക്കുലറിന്റെ ഉദ്ദേശ്യം വാർത്തകളിലെ പരിശോധന മാത്രമാണെന്നാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാദിന്റെ ഓഫീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ദിവസവും ഇത്തരത്തിൽ നിരവധി വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നതെന്നും ഇത്തരം വാർത്തകൾ മറ്റുള്ളവർ പിന്തുടരുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നു എന്നതാണ് സർക്കുലർ പ്രധാനമായും പറയുന്നത്.

Latest News