ഫ്രാൻസിസ് പാപ്പയുടെ 88-ാം ജന്മദിനമായ ഡിസംബർ 17 ന് യുവജനങ്ങളും ഭവനരഹിതരും ചേർന്ന് ആശംസകൾ നേരുകയും പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു. റോമിൽ പാർപ്പിടരഹിതരായവർക്ക് എല്ലാ ചൊവ്വാഴ്ചയും സേവനവുമായി എത്തുന്ന റോമിലെ ക്രൈസ്തവതൊഴിലാളി പ്രസ്ഥാനാംഗങ്ങളായ യുവതീയുവാക്കളാണ് അവർ സഹായിക്കുന്നവരുമൊത്ത് പാപ്പയ്ക്ക് ആശംസകളർപ്പിക്കാൻ എത്തിയത്.
ജന്മദിനത്തിൽ ലോകമെമ്പാടു നിന്നുമായി നിരവധിപ്പേരാണ് പാപ്പയ്ക്ക് ആശംസകളുമായി എത്തിയത്. കൃപയുടെ ജൂബലിവർഷം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ജീവിക്കുന്നതിനും സഭയെ കൂടുതൽ പ്രേഷിതയും എല്ലാവരെയും സ്വാഗതം ചെയ്യുന്നതിൽ ഉത്സുകയുമാക്കിത്തീർക്കുന്നതിന് തങ്ങളുടെ ഹൃദയത്തിന്റെ വിശുദ്ധവാതിൽ തുറക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻസംഘം പാപ്പായ്ക്കയച്ച പിറന്നാൾ ആശംസാസന്ദേശത്തിൽ പറയുന്നു.