അമേരിക്കയിലെ ബാങ്കിങ് മേഖലയിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിഗ്‌നേച്ചര്‍ ബാങ്ക് അടച്ചുപൂട്ടി മണിക്കൂറുകള്‍ക്കുശേഷമാണ് ബൈഡന്റെ പ്രസ്താവന. സിലിക്കണ്‍ വാലി ബാങ്കിലും സിഗ്‌നേച്ചര്‍ ബാങ്കിലും പണം നിക്ഷേപിച്ചിട്ടുള്ളവര്‍ക്ക് തിങ്കളാഴ്ചമുതല്‍ പണം പിന്‍വലിക്കാന്‍ നടപടി സ്വീകരിച്ചു.
ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കും. നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാന്‍ ഉതകുംവിധം ബാങ്കിങ് നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നത് പരിഗണനയിലുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
സിഗ്‌നേച്ചര്‍ ബാങ്കിലെ ഇടപാടുകാരെ സഹായിക്കാനായി ഒരു ബ്രിഡ്ജ് ബാങ്ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്. രണ്ടു പ്രധാന ബാങ്കിന്റെ തകര്‍ച്ച കൂടുതല്‍ ബാങ്കുകളുടെ തകര്‍ച്ചയിലേക്ക് നയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണ് അമേരിക്ക ഇപ്പോള്‍ നേരിടുന്നത്.
സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് പൂട്ടിയ സിലിക്കണ്‍ വാലി ബാങ്കിനെ സര്‍ക്കാര്‍ സഹായിക്കില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധി 15 വര്‍ഷംമുമ്പ് ഉണ്ടായതില്‍നിന്ന് വിഭിന്നമാണെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ടു ദിവസത്തിനുശേഷം സിഗ്‌നേച്ചര്‍ ബാങ്കും പൂട്ടിയതോടെയാണ് പ്രസിഡന്റ് ബൈഡന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.