നാസയുടെ പേടകത്തില്‍ നിങ്ങളുടെ പേരും ചന്ദ്രനിലേക്ക് അയക്കാം. ഇതിനായി അവസരം ഒരുക്കിയിരിക്കുകയാണ് യുഎസ് ബഹിരാകാശ ഏജന്‍സി. നാസയുടെ ആദ്യ റോബോട്ടിക് ലൂണാര്‍ റോവറായ വൈപ്പറില് ആണ് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് അവരുടെ പേരുകളും അയക്കാന്‍ അവസരം ലഭിക്കുക.
ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ആസ്ട്രോബോട്ടിക് ടെക്നോളജീസ് ഗ്രിഫിന് മിഷന് ഒന്നിലാണ് വൈപ്പര്‍ റോവര്‍ വിക്ഷേപിക്കുക. 2024 അവസാനത്തോടെ ഫ്ളോറിഡയിലെ കേപ്പ് കനവറല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിലാവും വിക്ഷേപണം. ചന്ദ്രനിലെ ജലസാന്നിധ്യവും പരിസ്ഥിതിയും പഠിക്കുകയാണ് പ്രധാന ലക്ഷ്യം.
ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് മനുഷ്യരെ അയക്കാന്‍ നാസയ്ക്ക് പദ്ധതിയുള്ളതിനാല്‍ പരമാവധി വിവരശേഖരണത്തിനുള്ള ശ്രമമാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ദീര്‍ഘകാല മനുഷ്യവാസത്തിന് അനുയോജ്യമാണെന്നാണ് കണക്കാക്കുന്നത്.
https://www3.nasa.gov/send-your-name-with-viper/ എന്ന ലിങ്ക് സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ബോര്‍ഡിങ് പാസ് എടുക്കാം. നിങ്ങളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള ഈ പാസ് ഡൗണ്‍ലോഡ് ചെയ്യാനുമാവും. മാര്‍ച്ച് 15 വരെയാണ് ഇതിന് സമയം നല്‍കിയിരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പേരുകള്‍ പേടകത്തില്‍ അപ്ലോഡ് ചെയ്ത് ചന്ദ്രനിലേക്ക് അയക്കും.