നിറമിഴകളോടെ ആ അമ്മയുടെ അനുഗ്രഹം വാങ്ങി ആ ചെറുപ്പക്കാരൻ നടന്നകന്നു. ഫെബ്രുവരി 9 ഞായറാഴ്ച. സമയം ഒന്നരയായി. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു സമീപമുള്ള ഒരു ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാനായി കയറിയതാണ്. ഭക്ഷണശേഷം ബില്ലടയ്ക്കാനായി ഞാൻ ക്യൂവിൽ നിൽക്കുകയായിരുന്നു. ഹോട്ടലിന്റെ പ്രവേശനകവാടത്തിൽ നിന്നുകൊണ്ട് ഏകദേശം 80 വയസ്സായ ഒരു സാധുസ്ത്രീ പൈസ വാങ്ങുന്ന ചെറുപ്പക്കാരനോട് ഓരോ ഐറ്റത്തിന്റെയും വില ചോദിച്ചുമനസ്സിലാക്കുകയാണ്. ആവർത്തിച്ചുള്ള ചോദ്യംകേട്ട് ആ ചെറുപ്പക്കാരൻ അൽപം അസ്വസ്ഥനാണ്. അവന്റെ മുഖത്തുനിന്ന് അത് വായിച്ചെടുക്കാം.
കൈയിലിരിക്കുന്ന പൈസ തിരിച്ചും മറിച്ചും എണ്ണിയിട്ടും രണ്ടുപേർക്ക് ഊണ് വാങ്ങാനുള്ള പൈസ ആ അമ്മയുടെ പക്കലുണ്ടായിരുന്നില്ല. തെല്ലുദുഃഖത്തോടെ തൊട്ടടുത്തകിടന്ന ബെഞ്ചിൽ ആ അമ്മ ഇരുപ്പുറപ്പിച്ചു. ഇതെല്ലാം എന്റെ മുമ്പിൽ നിന്നിരുന്ന ഒരു ചെറുപ്പക്കാരൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഭക്ഷണത്തിന്റെ ബില്ലടച്ചു പുറത്തേക്കിറങ്ങിയ ആ ഇരുപത്തഞ്ചുകാരൻ ആ അമ്മയുടെ അടുത്തെത്തി ചോദിച്ചു:
“എന്താ അമ്മേ, ഭക്ഷണം കഴിക്കുന്നില്ലേ?”
“ഇല്ല മോനേ, എനിക്കുമാത്രം മേടിച്ചാൽ പോരല്ലോ. വീട്ടിൽ അസുഖമായിക്കിടക്കുന്ന അച്ഛനുംകൂടി വാങ്ങണം. അതിനുള്ള പൈസ എന്റെ കൈവശമില്ല.”
മറ്റൊന്നും ചിന്തിക്കാതെ ആ ചെറുപ്പക്കാരൻ ആ അമ്മയുമായി ക്യാഷറുടെ അടുത്തെത്തി ആ അമ്മയ്ക്ക് വേണ്ടത് വാങ്ങിനൽകുന്നു. അന്നവുമായി ഈശ്വരൻ കൺമുമ്പിൽ പ്രത്യക്ഷപ്പെടുന്ന അവസ്ഥ. അല്ലെങ്കിലും ഈശ്വരൻ അങ്ങനെയാണ്, അവന്റെ വഴികളും രീതികളും വിചിത്രമാണല്ലോ. നന്ദിയാൽ കൈകൂപ്പിയ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“ദൈവമാ മോനേ ഇവിടെ എത്തിച്ചത്. ചോദിക്കുകപോലും ചെയ്യാതെ ഇങ്ങോട്ടുവന്ന് സഹായം ചെയ്യുന്ന കൊച്ച് ദൈവദൂതനാണ്. ഞായറാഴ്ച എന്റെയും എന്റെ ഭർത്താവിന്റെയും വിശപ്പകറ്റാൻ കൊച്ച് ചെയ്ത കാര്യം എന്നും ഞാൻ ഓർമ്മിക്കും.” വിറയാർന്ന കൈകൾകൊണ്ട് ആ ചെറുപ്പക്കാരനെ ആ സ്ത്രീ അനുഗ്രഹിച്ചപ്പോൾ രണ്ടുതുള്ളി കണ്ണീർ അവന്റെ മിഴികളിലും നിറഞ്ഞിരുന്നു.
“ആരുപറഞ്ഞു ഇന്നത്തെ ചെറുപ്പക്കാർ മോശമാണെന്ന്. അവർ നല്ലവരാണ്, അവർ നല്ലവരാണ്..” ഇടറിയ സ്വരത്തിൽ ആ അമ്മ പറഞ്ഞുകൊണ്ടിരുന്നു.
നിറമിഴകളോടെ ആ അമ്മയുടെ അനുഗ്രഹം വാങ്ങി ആ ചെറുപ്പക്കാരൻ നടന്നകന്നു. ആ നടത്തിൽ ഒരു ദൈവദൂതന്റെ കാൽപടികൾ ഉണ്ടായിരുന്നു.
ഫാ. ജയ്സൺ കുന്നേൽ MCBS