യുക്രെയ്ന്‍-റഷ്യ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 9,000 ത്തിലേറെ ചാനലുകളും 70,000ത്തിലേറെ വീഡിയോകളും യൂട്യൂബ് നീക്കം ചെയ്തു. വീഡിയോകളും ചാനലുകളും അക്രമ സംഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള പ്ലാറ്റ്‌ഫോമിന്റെ നയം ലംഘിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. യുക്രെയ്ന്‍ അധിനിവേശം പോലുള്ള സംഭവങ്ങളെ നിരാകരിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്നതില്‍ നിന്നും ചാനലുകളെ യൂട്യൂബ് വിലക്കുന്നുണ്ട്.
റഷ്യയില്‍ ഏറെ പ്രാചാരമുള്ള പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം ആരംഭിച്ചതു മുതല്‍ ക്രെംലിന്‍ അനുകൂല പത്രപ്രവര്‍ത്തകന്‍ വ്ളാഡിമിര്‍ സോളോവോവിന്റെ ഉള്‍പ്പടെ പലരുടെയും ചാനലുകള്‍ യൂട്യൂബ് നീക്കം ചെയ്തിരുന്നു. മാത്രമല്ല സമീപ കാലയളവില്‍, സംഘര്‍ഷത്തെ വിമോചനശ്രമം എന്ന് പരാമര്‍ശിച്ചതിന് റഷ്യയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുബന്ധ ചാനലുകളെ സിനിമ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് ഹ്രസ്വകാലത്തേക്ക് വിലക്കിയിട്ടുണ്ട്.
‘അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് വ്യക്തമായ നയമുണ്ടെന്ന്’ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ നീല്‍ മോഹന്‍ വ്യക്തമാക്കി.
നീക്കം ചെയ്ത വീഡിയോകളുടെയും ചാനലുകളുടെയും വിശദാംശങ്ങള്‍ യൂട്യൂബ് പുറത്തു വിട്ടിട്ടില്ല. എന്നാല്‍ അവയില്‍ പലതും റഷ്യന്‍ സര്‍ക്കാരില്‍ നിന്നുള്ള വിവരണങ്ങളോ അല്ലെങ്കില്‍ റഷ്യന്‍ അഭിനേതാക്കള്‍ അഭിനയിക്കുന്നതോ ആണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, സംഘര്‍ഷവുമായി ബന്ധപ്പെട്ട യുട്യൂബ് വാര്‍ത്താ ഉള്ളടക്കത്തിന് യുക്രെയ്‌നില്‍ മാത്രം 40 ദശലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചതായും മോഹന്‍ പറഞ്ഞു. പ്ലാറ്റ്ഫോമിന്റെ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം യുക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തിരയുന്നവര്‍ക്ക് കൃത്യവും ഉയര്‍ന്ന നിലവാരവുമുള്ള വിശ്വസനീയമായ വിവരങ്ങള്‍ ഉറപ്പു വരുത്തുക എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.