പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് യു. എസിലെ സാൻഫ്രാൻസിസ്കോയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു അദ്ദേഹത്തിന്.
തബലയുടെ പ്രാധാന്യം ലോകസംഗീത മേഖലയിലേക്ക് ഉയർത്തിക്കൊണ്ടുവന്നതിൽ പ്രധാനപങ്കു വഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ. മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സു മുതൽ സംഗീതത്തിൽ താൽപര്യം കാണിച്ച അദ്ദേഹം പിതാവിന്റെ പാത പിന്തുടർന്നാണ് തബലയിൽ പരിശീലനം നേടിയത്. ഏഴാം വയസ്സിൽ സരോദ് വിദഗ്‌ധൻ ഉസ്‌താദ് അലി അക്‌ബർ ഖാനോടൊപ്പം ഏതാനും മണിക്കൂർ അച്ഛന് പകരക്കാരനായി എത്തിയതോടെയാണ് ഔദ്യോഗികമായി ഈ മേഖലയിൽ അദ്ദേഹം രംഗപ്രവേശനം നടത്തിയത്.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല അദ്ദേഹത്തിന്. വാഷിങ്‌ടൻ സർവകലാശാലയിൽ എത്തനോമ്യൂസിക്കോളജി വിഭാഗത്തിൽ 19–ാം വയസ്സിൽ അസിസ്റ്റന്റ് പ്രഫസർ ആയി. പ്രശസ്‌ത കഥക് നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.