Tuesday, November 26, 2024

ഭീതി വിതച്ച് യുക്രൈനിലെ സപ്രോഷ്യ ആണവനിലയം; അറിയാം, യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തെക്കുറിച്ച്

യുക്രൈനിലെ സപ്രോഷ്യ ആണവ നിലയത്തിന് നേര്‍ക്ക് റഷ്യന്‍ ആക്രമണം ഉണ്ടായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഇതേ തുടര്‍ന്ന് ആണവ നിലയത്തില്‍ തീപ്പിടിത്തമുണ്ടായതായും അധികൃതര്‍ അറിയിച്ചിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ വെടിവെപ്പ് തുടരുന്നതിനാല്‍ അഗ്‌നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് യുക്രൈന്‍ അധികൃതര്‍ പറയുന്നത്. ഈ വാര്‍ത്തയെ എന്തുകൊണ്ടാണ് ലോകം ഇത്രമേല്‍ ഭയക്കുന്നത്..എന്താണ് യുക്രൈനിലെ സപ്രോഷ്യ ആണവ നിലയത്തിന്റെ പ്രത്യേകതകള്‍…അറിയാം…

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് യുക്രൈനിലെ സപ്രോഷ്യ. ലോകത്തെ ഏറ്റവും വലിയ പത്ത് ആണവനിലയങ്ങളില്‍ ഒന്നാണിത്. ആറ് ആണവ റിയാക്ടറുകളാണ് ഇവിടെ ഉള്ളത്. ഓരോ റിയാക്ടറും 950 മെഗാവാട്ട് ഊര്‍ജമാണ് ഉത്പാദിപ്പിക്കുന്നത്. മൊത്തം 5,700 മെഗാവാട്ട് ഊര്‍ജമാണ് സപ്രോഷ്യയിലെ ആണവനിലയം ഉത്പാദിപ്പിക്കുന്നത്. സപ്രോഷ്യയിലെ ആണവ നിലയത്തില്‍ നിന്നാണ് രാജ്യത്തിന്റെ ആണവ ഊര്‍ജത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത്.

1985 നും 1989 നും മധ്യേ അഞ്ച് ആണവ റിയാക്ടറുകളും 1995 ല്‍ ആറാം ആണവ റിയാക്ടറും സ്ഥാപിച്ചു. 2017 ല്‍ നടത്തിയ പുനര്‍നിര്‍മാണ പ്രവര്‍ത്തിന് പിന്നാലെ സപ്രോഷ്യയിലെ ആണവനിലയത്തിന് 10 വര്‍ഷം കൂടി കാലാവധി നീട്ടികിട്ടി. 2027 വരെയാണ് ആണവനിലയത്തിന്റെ കാലാവധി.

ആണവ നിലയത്തിനു നേരെ റഷ്യന്‍ സേന എല്ലാ ഭാഗത്ത് നിന്നും വെടിയുതിര്‍ക്കുകയാണെന്നാണ് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞത്. ‘ആണവനിലയം പൊട്ടിത്തെറിച്ചാല്‍, ചെര്‍ണോബിലിനേക്കാള്‍ പത്ത് മടങ്ങ് വലുതായിരിക്കും ദുരന്തം’ എന്നാണ് യുക്രൈന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തത്. 36 വര്‍ഷം മുമ്പുണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നതിന് രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഈ വിലക്ക് മറികടന്നാണ് സപ്രോഷ്യയ്ക്ക് നേരെ ആക്രമണമുണ്ടായത്.

ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി സംസാരിച്ചു. അന്താരാഷ്ട്ര ആണവ ഏജന്‍സിയും യുഎസ് സുരക്ഷാവൃത്തങ്ങളും സെപോസിയ ആണവ പ്ലാന്റ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം, പ്ലാന്റിലെ റേഡിയേഷന്‍ നിലയില്‍ നിലവില്‍ മാറ്റം ഉണ്ടായിട്ടില്ലെന്നും സുരക്ഷിതമാണെന്നും യുക്രൈന്‍ അറിയിച്ചു. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെര്‍ണോബൈല്‍ ദുരന്തത്തേക്കാള്‍ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വന്‍ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.

 

Latest News