Friday, April 18, 2025

യുദ്ധം തുടങ്ങിയിട്ട് അറുപത് ദിവസം; യുക്രൈനിലെ ഈസ്റ്റര്‍ദിനത്തില്‍ പ്രത്യാശയുടെ സന്ദേശം നല്കി പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി

ഓര്‍ത്തഡോക്‌സ് ഈസ്റ്റര്‍ദിനത്തില്‍ പ്രത്യാശയുടെ സന്ദേശം നല്കി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. അന്ധകാരത്തെ പ്രകാശവും തിന്മയെ നന്മയും മരണത്തെ ജീവനും കീഴടക്കുമെന്ന ഇളകാത്ത വിശ്വാസം യുക്രെയ്‌നെ വിജയത്തിലേക്കു നയിക്കുമെന്നു വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി അധിനിവേശത്തെ അതിജീവിച്ച കീവിലെ പുരാതനമായ സെന്റ് സോഫിയ കത്തീഡ്രലില്‍വച്ചാണു സന്ദേശം ചിത്രീകരിച്ചത്.

ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്നതിനാലാണു യുക്രെയ്‌നിലെയും റഷ്യയിലെയും ഓര്‍ത്തഡോക്‌സ് ക്രൈസ്തവരുടെ ഈസ്റ്റര്‍ ഒരാഴ്ച പുറകിലാകുന്നത്. യുക്രെയ്‌നിലെ ഏറ്റവും വലിയ ആഘോഷമാണ് ഈസ്റ്റര്‍. ദൈവവും സ്വര്‍ഗീയ വെളിച്ചവും യുക്രെയ്ന്റെ പക്ഷത്താണെന്നു സെലന്‍സ്‌കി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം യുക്രെയ്ന്‍കാര്‍ വീട്ടിലിരുന്ന് ഈസ്റ്റര്‍ ആഘോഷിച്ചു. ഈ വര്‍ഷം യുദ്ധമെന്ന വൈറസ് മൂലവും. എന്നാല്‍, ഒന്നിനും യുക്രെയ്‌നെ തോല്‍പ്പിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റര്‍ ആഘോഷ വേളയില്‍ റഷ്യ വെടിനിര്‍ത്തലിനു തയാറാകണമെന്ന് സെലന്‍സ്‌കിയുടെ ഉപദേഷ്ടാവ് മിക്കെയ്ലോ പൊഡോളിയാക് അഭ്യര്‍ഥിച്ചു. യുദ്ധത്തടവുകാരെ കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സംസാരിക്കാനായി റഷ്യ ചര്‍ച്ചയ്ക്കു തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധം രണ്ടു മാസം പൂര്‍ത്തിയായ ഇന്നലെ, തെക്കന്‍ നഗരമായ മരിയുപോളില്‍ കുടുങ്ങിയിരിക്കുന്ന ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാനായി ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസും ആവശ്യപ്പെട്ടു. റഷ്യന്‍ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലായ നഗരത്തില്‍ ഒരു ലക്ഷത്തോളം ജനങ്ങളുണ്ടെന്നാണു കരുതുന്നത്. മരിയുപോളിലെ അസോവ്താള്‍ ഉരുക്കുശാലയില്‍ രണ്ടായിരത്തോളം യുക്രെയ്ന്‍ പട്ടാളക്കാരുമുണ്ട്. മറ്റൊരു തുറമുഖ നഗരമായ ഓഡേസയിലെ പാര്‍പ്പിടസമുച്ചയത്തില്‍ റഷ്യന്‍ പട്ടാളം ശനിയാഴ്ച നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു കുഞ്ഞ് അടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു.

 

Latest News