യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ഇസ്താംബൂളിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വ്യക്തിപരമായി കാണാൻ തയ്യാറാണെന്ന് അറിയിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. തുർക്കിയിൽവച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പുടിൻ തയ്യാറാണെന്ന് അറിയിച്ചതിനുപിന്നാലെ യുക്രൈനും ചർച്ചയ്ക്കു സമ്മതിക്കണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സെലെൻസ്കി സമ്മതം അറിയിച്ചത്. എക്‌സിലൂടെയായിരുന്നു അദ്ദേഹം സമ്മതമറിയിച്ചത്.
“കൊലപാതകങ്ങൾ നീട്ടിക്കൊണ്ടുപോകുന്നതിൽ അർഥമില്ല. വ്യാഴാഴ്ച തുർക്കിയിൽ പുടിനെ വ്യക്തിപരമായി കാത്തിരിക്കും” എന്നാണ് സെലെൻസ്‌കി കുറിച്ചത്. റഷ്യയുമായുള്ള ചർച്ചകൾക്ക് തന്റെ രാജ്യം തുറന്നിരിക്കുമെന്നും എന്നാൽ ഒരു വെടിനിർത്തൽ നിലവിൽവന്നതിനുശേഷം മാത്രമേ ചർച്ചകൾക്കു തയ്യാറാകൂ എന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
യൂറോപ്യൻ നേതാക്കൾ ശനിയാഴ്ച കീവിൽ യോഗം ചേർന്നതിനെത്തുടർന്ന് തിങ്കളാഴ്ച മുതൽ 30 ദിവസത്തെ പോരാട്ടത്തിന് വിരാമമിടാൻ ഇവർ ആഹ്വാനം ചെയ്തിരുന്നു. ആ ഇടപെടലിനെ തുടർന്നാണ് പുടിൻ ചർച്ചകൾക്ക് ഒരുക്കമാണെന്ന് അറിയിച്ചത്.